അബൂദബി: രാജ്യത്തെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള കരട് നിയമത്തിന് യു.എ.ഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി) അംഗീകാരം നല്കി. മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടു പോകല്‍, കുളിപ്പിക്കല്‍, സംസ്കരിക്കല് എന്നിവ ഉള്‍പ്പെടെ ശ്മശാനങ്ങളും ശ്മശാന നടപടികളും നിയന്ത്രിക്കുകയാണ് പുതിയ കരട് നിയമം ലക്ഷ്യമിടുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴകളും ശ്മശാനങ്ങളുടെ നിരീക്ഷണം, പരിശോധന, കാവല്‍ എന്നിവയുമായി ബന്ധപ്പെട്ട അധികാരികള്‍ക്കുള്ള ചട്ടങ്ങളും കരട് നിയമത്തില്‍ പ്രത്യേകം നിര്‍വചിച്ചിട്ടുണ്ട്.
എഫ്.എന്‍.സി സ്പീക്കര്‍ സഖര്‍ ഗോബാഷിെന്റ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് കരടു നിയമം അംഗീകരിച്ചത്. യു.എ.ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്, ആരോഗ്യ രോഗ പ്രതിരോധ മന്ത്രിയും ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അഫയേഴ്സ് സഹമന്ത്രിയുമായ അബ്്ദുല്‍ റഹ്മാന് ബിന്‍ മുഹമ്മദ് ബിന്‍ നാസര്‍ അല്‍ ഒവൈസ്, ദുബൈ പൊലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചെയര്മാന് ലഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്ഫാന് തമീം, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ സെയ്ഫ് അബ്്ദുല്ല അല്‍ ഷാഫര്‍, ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്റ്റനന്റ് ജനറല്‍ അബ്്ദുല്ല ഖലീഫ അല്‍ മാരി, ഒട്ടേറെ മുതിര്‍ന്ന പോലീസ്, സിവില്‍ ഡിഫന്‍സ് ഓഫിസര്‍മാര്‍ എന്നിവരും എഫ്.എന്‍.സി സമ്മേളനത്തില്‍ പങ്കെടുത്തു.
കരടു നിയമത്തില്‍ പ്രതിപാദിക്കുന്ന ലംഘനങ്ങളും പിഴകളും
•മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വീഴ്ച വരുത്തിയാല്‍ ഒരു വര്‍ഷം തടവോ 10,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ രണ്ടു ശിക്ഷയും ഒന്നിച്ചോ അനുഭവിക്കണം.
•അധികൃതര്‍ നിശ്ചയിച്ച സ്ഥലത്തല്ലാതെ മൃതദേഹം സംസ്കരിക്കാന്‍ സ്ഥലം തയാറാക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും 20,000 ദിര്‍ഹം വരെ പിഴയും ലഭിക്കും.
•മൃതദേഹം യു.എ.ഇയില്‍ നിന്ന് വിദേശ രാജ്യത്തേക്ക് കൊണ്ടുപോകാനോ മറ്റു രാജ്യങ്ങളില്‍ നിന്ന് യു.എ.ഇയില്‍ കൊണ്ടുവരാനോ അനുമതി ആവശ്യമാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കാം.
•മൃതദേഹം സംസ്കരിച്ച സ്ഥലമോ, ശ്മശാനമോ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തിനും ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം ദിര്‍ഹം വരെ പിഴയും അഞ്ചു വര്‍ഷം വരെ തടവും ലഭിക്കും.
•ശ്മശാന സ്ഥലത്ത് കെട്ടിടം നിര്‍മിക്കുകയോ സെമിത്തേരിയില്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്.
•പെര്‍മിറ്റ് ലഭിക്കാതെ രാജ്യത്ത് മൃതദേഹം കൊണ്ടുവരുന്നതും ശിക്ഷാര്‍ഹമാണ്.