2005ല്‍ സാറ്റലൈറ്റ് പാട്ടക്കരാര്‍ റദ്ദാക്കിയെന്ന കേസില്‍, ഐഎസ്‌ആര്‍ഒയുടെ വാണിജ്യവിഭാഗം ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍ ബംഗളൂരുവിലെ ദേവാസ് മള്‍ട്ടിമീഡിയ സര്‍വീസസ് ലിമിറ്റഡിന് 120 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസ് ഫെഡറല്‍ കോടതി. 2005 ജനുവരിയിലെ കരാര്‍ പ്രകാരം രണ്ട് ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാനും വിക്ഷേപിക്കാനും പ്രവര്‍ത്തിപ്പിക്കാനുമായി 70 മെഗാഹെട്സ് എസ് ബാന്‍ഡ് സ്പെക്‌ട്രം ദേവാസിനു നല്‍കാന്‍ ആന്‍ട്രിക്സ് സമ്മതിച്ചിരുന്നു.

ഇന്ത്യയിലുടനീളം ഹൈബ്രിഡ് സാറ്റലൈറ്റ്, ടെറസ്ട്രിയല്‍ കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്ത ഈ പദ്ധതിയില്‍ വന്‍ അഴിമതി നടന്നെന്ന ആരോപണവും കരാര്‍ ദേശസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന സ്പേസ് കമ്മിഷന്‍ ശുപാര്‍ശയെയും തുടര്‍ന്ന് കരാര്‍ 2011ല്‍ റദ്ദാക്കി.

ഐഎസ്‌ആര്‍ഒയുടെ ഈ തീരുമാനത്തിനെതിരെ ദേവാസ് സുപ്രീംകോടതി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ നിയമ മാര്‍ഗങ്ങളെ സമീപിച്ചു. കേസില്‍ ദേവാസിന് 672 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ രാജ്യാന്തര ക്രിമിനല്‍ കോടതി 2015ല്‍ വിധിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍ ദേവാസ് മള്‍ട്ടിമീഡിയ കോര്‍പ്പറേഷന് 562.5 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരവും അനുബന്ധ പലിശനിരക്കും ഉള്‍പ്പെടെ മൊത്തം 1.2 ദശലക്ഷം യുഎസ് ഡോളര്‍ നല്‍കണമെന്നാണ് സിയാറ്റിലിലെ വെസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് വാഷിങ്ടണ്‍ ഡിസ്ട്രിക്‌ട് ജഡ്ജി തോമസ് എസ് സില്ലി ചൊവ്വാഴ്ച വിധിച്ചത്.

മൂന്ന് വ്യത്യസ്ത അന്താരാഷ്ട്ര ട്രൈബ്യൂണലുകളും ഒമ്പത് മധ്യസ്ഥരും ദേവാസ്-ആന്‍ട്രിക്സ് കരാര്‍ അവസാനിപ്പിക്കുന്നത് തെറ്റാണെന്ന് കണ്ടെത്തിയതായി യുഎസ് കോടതി ചൂണ്ടിക്കാട്ടി.