കോട്ടയം: തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ ഇടതു സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍എസ്‌എസ്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. നിലപാട് അറിയാനുള്ള അവകാശം വിശ്വാസികള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ശബരിമല വിഷയത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്നാണ് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പ്രസ്താവന നടത്തിയത്. ദേവസ്വം മന്ത്രി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നു സീതാറാം യച്ചൂരി പറഞ്ഞിട്ടുണ്ട്. ഉത്തരം പറയേണ്ടത് സിപിഎം സംസ്ഥാന ഘടകമാണെന്നും യച്ചൂരി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം’ ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.