മലപ്പുറം : കോഡൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം . വരിക്കോട് അങ്ങാടിയില്‍ ഹോളോബ്രിക്‌സ് നിര്‍മാണ കമ്പനിക്ക് സമീപമാണ് അപകടം നടന്നത് . വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പട്ടര്‍ക്കടവ് കിയാല്‍പടിയിലെ പരി സിദ്ദീഖിന്റെ മകന്‍ അംജദ് (15), പാലക്കാട് ജില്ലയിലെ നെന്മാറ ഒലിപ്പാറ സലീമിന്റെ മകന്‍ റിനു സലീം (16) എന്നിവരാണ് മരിച്ചത് . മുന്നിലുള്ള കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ കാറില്‍ തട്ടി എതിര്‍ദിശയില്‍ വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ അടിയിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു .

രണ്ടുപേരുടെയും മാതൃവീടായ പൊന്മളയില്‍നിന്ന് സ്‌കൂട്ടറില്‍ മലപ്പുറം ഭാഗത്തേക്ക് വരുമ്പോയായിരുന്നു അപകടം ഉണ്ടായത് . അംജദ് മലപ്പുറം മേല്‍മുറി എംഎംഇടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. താഹിറയാണ് മാതാവ്. സഹോദരന്‍ അജ്മല്‍.

റിനുവിന്റെ മാതാവ് ഫസീല. സഹോദരന്‍: റഫിന്‍. പിതാവ് സലീം കെഎസ്‌ആര്‍ടിസി ജീവനക്കാരനാണ്. മഞ്ചേരി ഗവ. മെഡിക്കല്‍കോളേജിലുള്ള മൃതദേഹങ്ങള്‍ പരിശോധനകള്‍ക്കുശേഷം അതത് മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനുകളില്‍ ഖബറടക്കും.