പുതിയ ചിത്രം ‘കള’ എ സര്‍ട്ടിഫിക്കറ്റ് നേടിയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് നടന്‍ ടൊവിനോ തോമസ്. സെന്സറിംഗ് കഴിഞ്ഞ ശേഷം ടൊവിനോ ഇക്കാര്യം പോസ്റ്റ് ചെയ്യുകയായിരുന്നു.

സിനിമാ ചിത്രീകരണത്തിനിടെ നായകന്‍ ടൊവിനോ തോമസ് വയറിനുള്ളില്‍ പരിക്കേറ്റ് ഐ.സി.യുവിനുള്ളില്‍ കഴിഞ്ഞതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ സിനിമയാണ് ‘കള’. മനുഷ്യനും വന്യജീവിതവും പ്രമേയമാവുന്ന ചിത്രം രോഹിത് വി.എസ്. സംവിധാനം ചെയ്യുന്നു. ടൊവിനോയും ജൂവിസ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മാണം. മനുഷ്യന്റെ പരിണാമത്തിലൂന്നിയ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ്. യദു പുഷ്‍പാകരനും രോഹിതും ചേര്‍ന്ന് രചന നിര്‍വ്വഹിക്കുന്ന ചിത്രമാണ് കള. ചിത്രത്തില്‍ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഷൂട്ടിങ്ങിനിടെ വയറിനുള്ളിലെ രക്തക്കുഴലിനേറ്റ മുറിവ് കാരണം ടൊവിനോ ഐ.സി.യു.വില്‍ പ്രവേശിപ്പിക്കപ്പെടുകയും പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ അധികം വൈകാതെ ആശുപത്രി വിടുകയും ചെയ്തിരുന്നു. ഒക്ടോബര്‍ മാസത്തിലാണ് ടൊവിനോ തോമസിന് ആക്ഷന്‍ രംഗത്തിനിടെ പരിക്കേറ്റത്.

ടൊവിനോയെ കൂടാതെ ലാല്‍, ദിവ്യ പിള്ള, മൂര്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങള്‍ ചെയ്യുന്നു. ‘എടക്കാട് ബറ്റാലിയനില്‍’ ടൊവിനോയും ദിവ്യയും ഒന്നിച്ചഭിനയിച്ചിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടിയില്‍’ സ്കൂള്‍ വിദ്യാര്‍ത്ഥിയായ അമ്ബോറ്റിയുടെ വേഷം കൈകാര്യം ചെയ്ത നടനാണ് സുമേഷ് മൂര്‍.

ഇവര്‍ക്ക് പുറമേ, ‘ബാസിഗര്‍’ എന്ന പേരില്‍ ഒരു നായയും ഈ സിനിമയില്‍ മുഖ്യവേഷം കൈകാര്യം ചെയ്യുന്നു.

ടൊവിനോ തോമസിന്റെ ‘കാണെക്കാണെ’

‘കാണെക്കാണെ’ എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടൊവിനോ തോമസിനും ഐശ്വര്യ ലക്ഷ്മിക്കും ഒപ്പം സുരാജ് വെഞ്ഞാറമൂടും ശ്രുതി രാമചന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഒട്ടേറെ പ്രമുഖ താരങ്ങള്‍ പങ്കുവെച്ച ടൈറ്റില്‍ വ്യത്യസ്ഥകൊണ്ട് ഏറെ ശ്രദ്ധേയമാവുകയാണ്. 1983, ക്വീന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച ടി.ആര്‍. ഷംസുദ്ധീന്‍ ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രമാണിത്.

ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കുന്നത്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. കല ദിലീപ് നാഥ്.

‘മായാനദി’ എന്ന സിനിമയിലെ പ്രണയജോഡികളായി എത്തിയ ടൊവിനോയും ഐശ്വര്യയും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അപ്പു, മാത്തന്‍ എന്നിങ്ങനെയായിരുന്നു ഇവരുടെ കഥാപാത്രങ്ങള്‍.