ഇത്തവണ നിയമസഭയില്‍ ടി.പി ചന്ദ്രശേഖരന്റെ ശബ്ദമുയരുമെന്ന് വടകരയിലെ ആര്‍.എം.പി സ്ഥാനാര്‍ഥി കെ കെ രമ മീഡിയവണിനോട് പറഞ്ഞു. സി.പി.എമ്മിന്റെ ഫാസിസ്റ്റ് നിലപാടിനെരായ പോരാട്ടമായിരിക്കും‌ വടകരയില്‍ നടക്കുകയെന്നും കെ.കെ രമ പറഞ്ഞു.

കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം വോട്ട് തേടുന്ന സി.പി.എം, ആര്‍.എം.പിയെ യു.ഡി.എഫ് പിന്തുണക്കുന്നതില്‍ എതിര്‍പ്പുയര്‍ത്തുന്നതെന്തിനാണ്. തെരഞ്ഞെടുപ്പില്‍ ചരിത്രപരമായ മുന്നേറ്റം വടകരയില്‍ സംഭവിക്കുമെന്നും രമ പറഞ്ഞു.‌

ദേശീയ തലത്തില്‍ രാജീവ് ​ഗാന്ധിയുടെയും പാണക്കാട് തങ്ങളുടെയും ഫോട്ടോയുള്ള പോസ്റ്റര്‍ പിടിച്ച്‌ മത്സരിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. കോണ്‍ഗ്രസും ലീഗുമുള്ള മുന്നണിയില്‍ സി.പി.എം മത്സരിക്കുന്നു. കേരളത്തില്‍ മാത്രമെ ഇതിന് മാറ്റമുള്ളു. സി.പി.എമിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ കേരളത്തില്‍ വിശാലമായ മതേതര ജനാധിപത്യ മുന്നണി വളര്‍ന്ന് വരണമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും രമ പറഞ്ഞു