കോട്ടയം: ലതിക സുഭാഷ് നടപ്പാക്കിയത് സി.പി.എമ്മിന്റെ ഗൂഢാലോചനയായിരുന്നെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ചരിത്രമുറങ്ങുന്ന ഇന്ദിരാഭവന് മുന്നില്‍ തല മുണ്ഡനം ചെയ്‌ത ലതിക മാപ്പര്‍ഹിക്കുന്നില്ല. കോണ്‍ഗ്രസിന്റെ എക്കാലത്തെയും മികച്ച സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കുന്ന അന്ന് അതിന്റെ ശോഭ കെടുത്താന്‍ സി.പി.എമ്മിനൊപ്പം ചേര്‍ന്ന് ലതിക നടത്തിയ പ്രതിഷേധം ജനാധിപത്യ, മതേതര മൂല്യങ്ങളെയാണ് ചോദ്യം ചെയ്‌തത്. അവര്‍ എല്ലാ പദവികളിലും എത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയുള്ളതിനാലാണ്. മൂന്നു തവണ ജില്ലാ പഞ്ചായത്തംഗമാക്കി. ഒരു തവണ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയാക്കി. കെ.പി.സി.സി സെക്രട്ടറിയും ജനറല്‍ സെക്രട്ടറിയുമാക്കി. ഒരു തവണ ലതികയ്ക്കും ഭര്‍ത്താവിനും നിയമസഭാ സീറ്റ് നല്‍കി. മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷയാക്കി. ഈ അവസരങ്ങളൊന്നും ലഭിക്കാത്ത നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലുണ്ട്. ഏറ്റുമാനൂരില്‍ മാത്രമേ മത്സരിക്കൂ എന്ന ലതികയുടെ വാശി മൂലമാണ് സീറ്റ് ലഭിക്കാത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.