പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിസിസി. നീതി നിഷേധത്തിന് എതിരായ പോരാട്ടത്തിന് പിന്തുണ നല്‍കണമെന്ന് വികെ ശ്രീകണ്ഠന്‍ എംപി ആവശ്യപ്പെട്ടു.
പ്രതിക്കൂട്ടില്‍ നിയമസംവിധാനവും പൊലീസും അടക്കം നില്‍ക്കുന്നുണ്ട്. അതിനാലാണ് യുഡിഎഫ് നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്കു പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ കിട്ടുന്ന അവസരമാണിതെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. സമരസമിതിയുമായി ആലോചിച്ചാണ് തീരുമാനം.
തീരുമാനത്തെ പിന്തുണച്ച്‌ കൊണ്ട് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. ഉചിതമായ തീരുമാനമാണെന്നും പിന്തുണയ്ക്കണമോ എന്ന് ആലോചിച്ച്‌ തീരുമാനിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
തെരുവില്‍ സ്വന്തം മക്കള്‍ക്ക് വേണ്ടി തലമുണ്ഡനംചെയ്ത് ഇരിക്കേണ്ട അവസ്ഥ വരുത്തിയ ഡിവൈഎസ്പി സോജനും എസ്‌ഐ ചാക്കോയും ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ സര്‍വീസിലുണ്ടാവാന്‍ പാടില്ലെന്നും അതാണ് മത്സരിക്കാന്‍ കാരണമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. ഫെബ്രുവരിയില്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തിരുന്നു.
ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കണ്ണൂര്‍ ജില്ലയിലെ സിപിഐഎമ്മിന്റെ ഉറച്ച സീറ്റുകളിലൊന്നാണ് ധര്‍മ്മടം.