വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ലഹരിമരുന്നുമായി യുവതി വിമാനത്താവളത്തില്‍ പിടിയിലായി. തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയ (33) ആണ് 1.21 കിലോഗ്രാം ഹാഷിഷ് ഓയിലുമായി നെടുമ്ബാശ്ശേരി പോലിസിന്റെ പിടിയിലായത്. ബഹ്‌റനിലേക്ക് പോകാന്‍ എത്തിയതായിരുന്നു യുവതി.
ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ച്ചര്‍ ഹാളില്‍ പരിശോധനയ്ക്കിടെ സംശയം തോന്നിയ സി.ഐ.എസ്.എഫ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും സി.ഐ.എസ്.എഫും ചേര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് യുവതിയുടെ പക്കല്‍ ലഹരിമരുന്നാണെന്ന് കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു. എസ്.എച്ച്‌.ഒ പി. ശശികുമാര്‍, എസ്.ഐ സി.പി ബിനോയി, എ.എസ്.ഐ ബിജേഷ്, സി.പി.ഒ മാരായ പി.വി ജോസഫ്, രശ്മി പി. കൃഷ്ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.