കൊച്ചി: ഉപഭോക്തൃ സൗഹൃദമായ പരാതി പരിഹാര സംവിധാനങ്ങള്‍ വേണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശത്തിനു തുടര്‍ച്ചയായി നാഷണല്‍ പെയ്മെന്റ് കോര്‍പറേഷന്‍ ഭീം യുപിഐയില്‍ ഓണ്‍ലൈനായി പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തി.

യുപിഐ-ഹെല്‍പ് എന്ന പേരിലുള്ള ഈ സംവിധാനം വഴി പൂര്‍ത്തിയാക്കാനുള്ള ഇടപാടുകളുടെ സ്ഥിതി അറിയുക, ഇടപാടു പൂര്‍ത്തിയാക്കാത്തതോ ലഭിക്കേണ്ടയാള്‍ക്കു പണം ക്രെഡിറ്റു ചെയ്യപ്പെടാത്തതോ ആയവയില്‍ പരാതി നല്‍കുക, കച്ചവട സ്ഥാപനങ്ങളുമായുള്ള ഇടപാടില്‍ പരാതി നല്‍കുക തുടങ്ങിയവ സാധ്യമാകും. വ്യക്തികള്‍ തമ്മിലുള്ള (പി 2 പി) ഇടപാടുകളിലെ പരാതി പരിഹരിക്കാനും യുപിഐ-ഹെല്‍പ് സഹായകമാകും. ഇതിനു പുറമെ പൂര്‍ത്തിയാക്കാത്ത ഇടപാടുകളില്‍ ഉപഭോക്താവു നടപടിയൊന്നും കൈക്കൊള്ളാതെ തന്നെ യുപിഐ-ഹെല്‍പ് സ്വയം പുതുക്കല്‍ നടത്തുകയും ഇടപാടിലെ അന്തിമ സ്ഥിതി അറിയിക്കുകയും ചെയ്യും. തുടക്കമെന്ന നിലയില്‍ എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഉപഭോക്താക്കള്‍ക്കുള്ള ഭീം ആപിലായിരിക്കും എന്‍പിസിഐ ലൈവ് ആയുള്ള സംവിധാനം ഏര്‍പ്പെടുത്തുക.

പേടിഎം പെയ്മെന്റ്സ് ബാങ്ക്, ടിജെഎസ്ബി സഹകാരി ബാങ്ക് എന്നിവയുടെ ഉപഭോക്താക്കള്‍ക്കും യുപിഐ-ഹെല്‍പിന്റെ നേട്ടങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാകും. യുപിഐയില്‍ പങ്കാളികളായ മറ്റു ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് വരും മാസങ്ങളില്‍ യുപിഐ-ഹെല്‍പിന്റെ നേട്ടങ്ങള്‍ ലഭ്യമാകും. ജനങ്ങളെ ഡിജിറ്റല്‍, കറന്‍സി രഹിത ഇടപാടുകളിലേക്ക് കൂടുതലായി ആത്മവിശ്വാസത്തോടെ എത്തിക്കാനാണ് ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്താനുള്ള റിസര്‍വ് ബാങ്കിന്റെ നീക്കങ്ങള്‍.