തിരുവനന്തപുരം: പൂജ്യത്തില്‍ നിന്ന് സര്‍ക്കാരുണ്ടാക്കിയ ത്രിപുരയിലെ ബിജെപിയുടെ വിജയ ചരിത്രം കേരളത്തിന് മാതൃകയാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചേര്‍ന്നാല്‍ കേരളത്തിന്റെ വികസന കുതിപ്പിന് ഇരട്ട എന്‍ജിനുള്ള എന്‍ഡിഎ സര്‍ക്കാരിനെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മാത്രമാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത്. ബിജെപി അധികാരത്തില്‍ വന്നശേഷം ത്രിപുരയില്‍ ഒരു രാഷ്ട്രീയ കൊലപാതകംപോലും നടന്നിട്ടില്ല. മുസ്ലിം വിരോധം പറഞ്ഞ് ബിജെപിയെ അകറ്റി നിര്‍ത്താനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്. ത്രിപുരയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുസ്ലിംകളെ ബംഗ്ലാദേശിലേക്ക് കടത്തുമെന്ന് അവര്‍ പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നശേഷം എന്താണ് സ്ഥിതിയെന്ന് ത്രിപുരയിലെ മുസ്ലിംകളോട് ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി മുസ്ലിം വിരുദ്ധരാണെന്ന പ്രചാരണം ഇനി വിലപ്പോകില്ല. ബിജെപിക്കു മാത്രമേ വികസന പങ്കാളിയാകാന്‍ കഴിയൂവെന്ന് ഇന്ത്യ തിരിച്ചറിഞ്ഞു. ഇക്കാര്യം കേരളവും തിരിച്ചറിയണെന്ന് അദ്ദേഹം പറഞ്ഞു.