തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായി വിജയന്-സുരേന്ദ്രന് കൂട്ടുകെട്ട് നിലനില്‍ക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര് എസ് എസ് സൈദ്ധാന്തികന്‍ ആര് . ബാലശങ്കറിന്റെ തുറന്നു പറച്ചില് സി പി എം – ബിജെപി കൂട്ടുകച്ചവടം വെളിച്ചത്തു കൊണ്ടു വന്നിരിക്കുകയാണ് എന്ന് ചെന്നിത്തല ആരോപിച്ചു. ബിജെപിക്കും സിപിഎമ്മിനുമെതിരേ പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളാണ് ബാലശങ്കര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ ബിജെപിയും സി പി എമ്മും തമ്മില്‍ തിരഞ്ഞെടുപ്പു ധാരണയുണ്ട് എന്നാണ് ബാലശങ്കര്‍ വെളിപ്പെടുത്തിയത്.
നാലു വോട്ടിനു വേണ്ടി എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് സിപിഎം എന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. അഴിമതി മൂടിവയ്ക്കുന്നതിനായി ആരംഭിച്ച ഡീല്‍ ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. തില്ലങ്കേരി മോഡല്‍ അവിശുദ്ധബന്ധം കേരളം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണ് സിപിഎമ്മും ബിജെപിയും. സിപിഎമ്മിന്റെയും ബിജെപിയുടെയും അവിശുദ്ധ ബന്ധം പ്രബുദ്ധ കേരളം തള്ളിക്കളയും എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
ചെങ്ങന്നൂരില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് ആര് ബാലശങ്കര്‍ ബിജെപി നേതൃത്വത്തിന് എതിരെ രംഗത്ത് വന്നത്. തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ സിപിഎം ആണെന്ന് ബാലശങ്കര്‍ ആരോപിച്ചു. ചെങ്ങന്നൂരിലും ആറന്മുളയിലും സിപിഎമ്മിനെ ബിജെപി സഹായിക്കാന്‍ ധാരണ ഉളളതായും പ്രത്യുപകാരമായി കോന്നിയില്‍ കെ സുരേന്ദ്രനെ ജയിപ്പിക്കാന്‍ സിപിഎം സഹായം ചെയ്യുമെന്നും ആര് ബാലശങ്കര്‍ ആരോപിച്ചു. അതേസമയം ബാലശങ്കറിന്റെ ആരോപണങ്ങള്‍ ബിജെപി നേതൃത്വം തളളിക്കളഞ്ഞു. അതേസമയം കേരളത്തില്‍ ബിജെപി – കോണ്‍ഗ്രസ് കൂട്ടുകെട്ടാണ് ഉളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു.