മുംബൈ: അയല്‍വാസിയുമായി വിവാഹേതരബന്ധമുണ്ടെന്ന് സംശിച്ച്‌ യുവതിയ്ക്ക് നേരെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. 23 കാരിയെ പൊള്ളിച്ച ചട്ടുകം കൊണ്ടാണ് മര്‍ദ്ദിച്ചത്. കൈയിലും കവിളിലും സാരമായി പരിക്കേറ്റ യുവതിയെ ഇയാള്‍ ആറ് മണിക്കൂറോളം സമയം മര്‍ദ്ദിച്ചതായി പൊലീസ് പറഞ്ഞു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയ്ക്ക് സമീപമാണ് സംഭവം. സെക്യൂരിറ്റി സര്‍വീസ് സ്ഥാപനത്തിലെ ജീവനക്കാരനായ രവിശങ്കര്‍ ചൗഹാനാണ് പ്രതി. ഭാര്യ പൂജയെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. അയല്‍വാസിയായ കരണ്‍ എന്നയാളുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന സംശയമാണ് മര്‍ദ്ദനിത്തിന് കാരണം.

മാര്‍ച്ച്‌ ആറിന് ഇതേ ചൊല്ലി ഇരുവരും വഴക്കിട്ടു. മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് യുവതിയെ അക്രമിക്കുകയും ചെയ്തു. എന്നാല്‍ യുവതി ഇക്കാര്യം നിഷേധിച്ചതോടെ കുപിതനായ ഭര്‍ത്താവ് അടുക്കളയില്‍ പോയി ചട്ടുകം പഴുപ്പിച്ച്‌ യുവതിയുടെ കവിളിലും കൈകളിലും മര്‍ദ്ദിക്കുകയായിരുന്നു. മാര്‍ച്ച്‌ 12നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ചയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയ്‌ക്കെതിരെ ഐപിസി 323, 324,504 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്