ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഏപ്രില്‍ അവസാനം ഇന്ത്യയിലെത്തും. റിപ്പബ്ലിക് ദിനത്തില്‍ ബോറിസ് ജോണ്‍സനെ മുഖ്യ അതിഥിയായി നിശ്ചയിച്ചിരുന്നെങ്കിലും ബ്രിട്ടനില്‍ കൊറോണ വ്യാപനം രൂക്ഷമായതോടെ അദ്ദേഹം സന്ദര്‍ശനം മാറ്റിവെയ്ക്കുകയായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസാണ് പുതിയ സന്ദര്‍ശന തീയതിയെക്കുറിച്ച്‌ സൂചന നല്‍കിയത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുവന്നതിന് ശേഷം ബോറിസ് ജോണ്‍സന്റെ ആദ്യ വിദേശരാജ്യ സന്ദര്‍ശനമായിരിക്കും ഇന്ത്യയിലേത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവന്നതോടെ ബ്രിട്ടനുമായി വ്യാപാര വ്യവസായ പങ്കാളിത്തത്തിനുളള നിരവധി അവസരങ്ങളാണ് ഇന്ത്യയ്ക്ക് മുന്‍പില്‍ തുറക്കുക. ബോറിസ് ജോണ്‍സന്റെ വരവ് അതില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

കൊറോണ വാക്‌സിന്റെ ഉല്‍പാദനവും വിതരണവും കാര്യക്ഷമമായി നടത്തിയതിലൂടെ ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് കൂടുതല്‍ പ്രാധാന്യം കല്‍പിക്കപ്പെടുന്നത്.

ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ഉള്‍പ്പെടെയുളള ഉന്നത നേതാക്കള്‍ ഇന്ത്യയിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്ത്യയുമായുളള പങ്കാളിത്തം സജീവമാക്കാന്‍ ബ്രിട്ടനും താല്‍പര്യമുണ്ട്. ആസിയാന്‍ രാജ്യങ്ങളുമായി സഹകരിക്കാനുളള നീക്കവും ഇന്ത്യ പസഫിക് മേഖലയിലെ സൈനിക സാന്നിധ്യവുമൊക്കെ ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍ നല്‍കുന്ന സൂചനകളായിട്ടാണ് വിലയിരുത്തുന്നത്.