രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം. ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്റര്‍ (പി.എ.സി) തയ്യാറാക്കിയ പബ്ലിക് അഫയേഴ്സ് ഇന്‍ഡെക്സ് 2020 ലാണ് കേരളം മുന്നിലെത്തിയത്. വലിയ സംസ്ഥാനങ്ങളുടെ ഗണത്തിലാണ് കേരളത്തിന്റെ നേട്ടം. തുടര്‍ച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഉത്തര്‍പ്രദേശാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്.

ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവ ഒന്നാമത് വന്നു. ഐഎസ്‌ആര്‍ഒ മുന്‍ മേധാവി ഡോ.കസ്തുരി രംഗന്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 1.388 പി.എ.ഐ ഇന്‍ഡക്സ് പോയിന്റ് ആണ് ഇതില്‍ കേരളത്തിന്റെ സ്‌കോര്‍. 0.912, 0.531, 0.468 എന്നീ സ്കോറുകളുമായി യഥാക്രമം തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന്റെ പിന്നിലായി ഉള്ളത്. ചെറിയ സംസ്ഥാനങ്ങളില്‍ ഭരണത്തിന്റെ കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് ഗോവ, മേഘാലയ, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്. 1.745, 0.797, 0.725 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങള്‍ നേടിയ സ്‌കോര്‍.

മണിപ്പുര്‍, ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നില്‍. കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയില്‍ ചണ്ഡീഗഡാണ് ഒന്നാമത്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പട്ടിക തയ്യാറാക്കിയത്. സുസ്തിര വികസനത്തിന്റെ അടിസ്ഥാനത്തിലാണ് ബ്ലിക് അഫയേഴ്സ് സെന്റര്‍ ഭരണപ്രകടനം വിശകലനം ചെയ്തിരിക്കുന്നത്.