കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പില്‍ ലതിക സുഭാഷിന് സീറ്റ് ലഭിക്കേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും കൊല്ലത്തെ സ്ഥാനാര്‍ഥിയുമായ ബിന്ദു കൃഷ്ണ. നേതാക്കള്‍ സൂചിപ്പിച്ച പോലെ സീറ്റിന്‍റെ സെലക്ഷനില്‍ വന്ന ബുദ്ധിമുട്ടാണ് സംഭവിച്ചതെന്നാണ് താന്‍ കരുതുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ലതിക സുഭാഷ് തലമുണ്ഡനം ചെയ്ത കാര്യത്തെക്കുറിച്ച്‌ കൂടുതല്‍ ചിന്തിക്കേണ്ടതാണ്. പൊതുസമൂഹത്തിന്‍റെ കൂടി പിന്തുണയുണ്ടെങ്കില്‍ മാത്രമേ വനിതകള്‍ക്ക് അതിജീവിക്കാന്‍ കഴിയൂ.

സീറ്റ് കിട്ടാന്‍ വേണ്ടിയല്ല താന്‍ കരഞ്ഞത്. ആളുകളുടെ വികാരപ്രകടനം നിരന്തരമായപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞുപോയതാണ്. സീറ്റിന്‍റെ കാര്യത്തില്‍ ആദ്യമൊന്നും പ്രശ്‌നമില്ലായിരുന്നു. മുന്നൊരുക്കങ്ങള്‍ എല്ലാം കഴിഞ്ഞതിന് ശേഷം അങ്ങനെയൊരു ചര്‍ച്ച വന്നു. രാഷ്ട്രീയമാണ്, നമുക്കൊന്നും പറയാന്‍ സാധിക്കില്ല. പാര്‍ട്ടി തീരുമാനം അനുസരിച്ച്‌ നില്‍ക്കുകയായിരുന്നു -ബിന്ദു കൃഷ്ണ പറഞ്ഞു.

ബിന്ദു കൃഷ്ണയോട് ജയസാധ്യത കുറഞ്ഞ കുണ്ടറ സീറ്റില്‍ മത്സരിക്കാന്‍ നേതൃത്വം നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ബിന്ദു കൃഷ്ണ പരസ്യമായി പൊട്ടിക്കരയുകയും ചെയ്തത്. പിന്നീട് കൊല്ലം സീറ്റ് തന്നെ ഇവര്‍ക്ക് നല്‍കുകയായിരുന്നു.