കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടികയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി അറിയിച്ച് കെ.സുധാകരന് എം.പി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവൃത്തികള്‍ തീര്‍ത്തും മോശമായിരുന്നു എന്നും ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും സുധാകരന് പൊട്ടിത്തെറിച്ചു. സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്നും സുധാകരന് തുറന്നടിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി സ്ഥാനാര്‍ഥിപ്പട്ടികയില്‍ തങ്ങളുടെ ഇഷ്ടക്കാരെ തിരുകി കയറ്റുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജയസാധ്യത നോക്കാതെയാണ് പലര്‍ക്കും അവസരം നല്‍കിയത്. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നും കെ.സുധാകരന് ആരോപിച്ചു.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റെന്ന സ്ഥാനത്ത് തുടരുന്നത് പൂര്ണമനസോടെയല്ലെന്ന് പറഞ്ഞ സുധാകരന് തനിക്ക് ആലങ്കാരിക പദവികള്‍ ആവശ്യമില്ലെന്നും സ്ഥാനം ഒഴിയാന്‍ പല തവണ ആലോചിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുറിവേല്ക്കാതിരിക്കാന് വേണ്ടി മാത്രമാണ് രാജിവെക്കാത്തതെന്നും അഭിമുഖത്തില്‍ പറഞ്ഞു.
ലതിക സുഭാഷിന്റെ പ്രതിഷേധം ന്യായമാണെന്നും അതുകൊണ്ടാണ് അവരുടെ പ്രതിഷേധത്തോട് എല്ലാവരും ഐക്യപ്പെട്ടതെന്നും കെ.സുധാകരന് പറഞ്ഞു. ഈ തോന്നല്‍ എല്ലാ പ്രവര്‍ത്തകരിലുമുണ്ട്. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
അതേസമയം ശേഷിയ്ക്കുന്ന ഏഴ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍ക്ക് അതീതമായി കൈക്കൊള്ളാന്‍ ഹൈക്കമാന്‍ഡ് നീക്കം നടത്തുന്നു എന്നാണ് വിവരം. ഇനി പ്രഖ്യാപിക്കാനുള്ള ഏഴ് സീറ്റുകളിലേയ്ക്ക് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ എത്തും എന്ന് സൂചനയുണ്ട്. സംസ്ഥാന നേതൃത്വം ചില പേരുകള്‍ നിര്‍ദ്ദേശിച്ചെങ്കിലും ഗ്രൂപ്പ് വീതം വയ്പാണ് നടന്നത് എന്നാണ് ഹൈക്കമാന്‍ഡിന്റെ നിരീക്ഷണം.