പത്തനംതിട്ട: നേമത്ത് കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ വലിയ തോല്‍വി കോണ്‍ഗ്രസിനുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോന്നിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേമത്ത് കെ. മുരളീധരന്റെ വരവ് ജയിക്കാനല്ല സിപിഎമ്മിനെ സഹായിക്കാനാണ്. നേരത്തേയും സിപിഎമ്മുമായി ധാരണയുണ്ടാക്കിയ ആളാണ് മുരളിധരന്‍. ആത്മഹത്യപരമായ നിലപാടാണ് മുരളീധരന്‍ സ്വീകരിച്ചത്.

ശോഭാ സുരേന്ദ്രന്‍ നിയമസഭാതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണരംഗത്ത് ശക്തമായി നിലകൊള്ളും. മാധ്യമങ്ങള്‍ തെറ്റിധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. കോന്നിയില്‍ ബിജെപിക്ക് അനുകൂലമായ സ്ഥിതിയാണുള്ളത്. ബിജെപിയുടെ ജനപിന്തുണയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോന്നി നിയമസഭാമണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായശേഷം മണ്ഡലത്തിലെത്തിയ കെ.സുരേന്ദ്രന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. കുമ്പഴ കളീക്കല്‍പടിക്കല്‍ നിന്നും നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് സുരേന്ദ്രനെ കോന്നിയിലേക്ക് സ്വീകരിച്ചത്. കോന്നി ഫയര്‍‌സ്റ്റേഷന് സമീപത്തുനിന്നും തുറന്നവാഹനത്തില്‍ ജില്ലാമണ്ഡലം ഭാരവാഹികള്‍ പുഷ്പവൃഷ്ടിയോടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമാണ് കോന്നി നഗരത്തിലേക്ക് ആനയിച്ചത്.