ഇരിങ്ങാലക്കുട കാട്ടൂര്‍ക്കടവില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി ഒളിവിലാണ്. ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശി ലക്ഷ്മിയാണ് ഞായര്‍ രാത്രി കൊല്ലപ്പെട്ടത്. നാലംഗ സംഘമായിരുന്നു കൊല നടത്തിയത്. കരാഞ്ചിറ സ്വദേശി നിഖിലും ഒളരി സ്വദേശി ശരത്തുമാണ് പിടിയിലായത്. ഗുണ്ടാനേതാവ് ദര്‍ശനായിരുന്നു സംഘത്തലവന്‍.

കഴിഞ്ഞ ദിവസങ്ങളില്‍ കോളനിയിലുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഗുണ്ടാസംഘം ലക്ഷ്മിയെ വീട്ടില്‍ക്കയറിയാണ് വെട്ടിക്കൊന്നത്. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷിന്‍റെ എതിരാളികളാണ് കൊലയാളി സംഘം.

രാത്രി ഒന്‍പതരയോടെ വീട്ടില്‍ എത്തിയ ഗുണ്ടാസംഘം ലക്ഷ്മിയ്ക്കു നേരെ പടക്കമെറിഞ്ഞു. പിന്നെയായിരുന്നു ആക്രമണം. ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. മുഖ്യപ്രതി ദര്‍ശനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കി. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷും വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.