മീനച്ചിലാറിൻ്റെ സംരക്ഷണത്തിനായി കേരളത്തിലെ വിവിധ പരിസ്ഥിതി സംഘടനകൾ ഒന്നു ചേർന്ന് ഒരു സമരം തുടങ്ങി വച്ചിരിക്കുകയാണ്. നദിയെ കയ്യേറുകയും മലിനപ്പെടുത്തുകയും ചെയ്യുന്ന സാമൂഹ്യ വിരുദ്ധശക്തികൾക്കെതിരെയാണ് സാധാരണായായി ഇത്തരം പോരാട്ടങ്ങൾ സംഘടിപ്പിക്കേണ്ടി വരുന്നത് എങ്കിൽ ഈ പോരാട്ടം നദിയെ സംരക്ഷിക്കാൻ ബാധ്യതയുള്ള സർക്കാറിൻ്റെ വികലമായ നയങ്ങൾക്കെതിരെയാണ്. പ്രളയം ഒഴിവാക്കാൻ എന്ന കാരണമുന്നയിച്ച് നദിയുടെ സ്വാഭാവികഘടന തകർക്കുന്നതിന് എതിരെയാണ്.

മരങ്ങൾ മുറിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മ ഇന്നലെ ( മാർച്ച് 14 ) കോട്ടയത്ത് നട്ടാശ്ശേരിയിൽ ചിപ്പ്കോ മാതൃകയിൽ നടത്തിയ പ്രതിഷേധ പരിപാടി ജനപിന്തുണ കൊണ്ട് ശ്രദ്ധ നേടി.

സാധാരണയായി പരിസ്ഥിതിപ്രസ്ഥാനങ്ങൾ ഉയർത്താറുള്ള പ്രശ്നങ്ങളോട് പൊതുസമൂഹം മുഖം തിരിഞ്ഞു നിൽക്കാറാണ് പതിവ്. നാടിൻ്റെ വികസനപ്രവർത്തനങ്ങളെ തുരങ്കം വയ്ക്കുന്നവർ എന്ന പഴി കക്ഷിരാഷ്ട്രീയക്കാർ പരിസ്ഥിതിപ്രവർത്തകരിൽ ചുമത്തുമ്പോൾ അതിനെ പ്രതിരോധിക്കാൻ പൊതുസമൂഹത്തിൽ ഏറെ ശബ്ദങ്ങളില്ല എന്നതാണ് അവസ്ഥ. എന്നാൽ പ്രകൃതിദുരന്തങ്ങൾ ഏറിയ ഇക്കാലത്ത് പരിസ്ഥിതിവാദികൾക്ക് ഗൗരവപൂർവ്വം ചെവികൊടുക്കാൻ സമൂഹം തയ്യാറായിട്ടുണ്ട്.

കോട്ടയത്തിൻ്റെ ജീവനാഡിയായ മീനച്ചിലാർ വർഷകാലത്ത് തുടർച്ചയായി വെള്ളപ്പൊക്കങ്ങൾ ഉണ്ടാകാറുള്ള നദിയാണ്. 2018ലെ പ്രളയത്തിൽ കോട്ടയത്തിൻ്റെ പടിഞ്ഞാറൻ മേഖലയിലുള്ളവർ ഏറെ ദുരിതം അനുഭവിച്ചിരുന്നു. മുൻകാലങ്ങളിലെ അപേക്ഷിച്ച് നിരന്തരമായ വെള്ളപ്പൊക്കവും ജലനിരപ്പിലുണ്ടായ വർദ്ധനവും പ്രളയജലം ഒഴുകി മാറാതെ ദിവസങ്ങളോളം കെട്ടിനിൽക്കുന്നതും ജനജീവിതത്തെ ദുസഹമാക്കിത്തീർത്തിരിക്കുന്നു. വരുംകാലങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ ജനവാസത്തിന് യോജിച്ചതായിരിക്കില്ല എന്ന മുന്നറിയിപ്പാണ് പ്രകൃതിപ്രതിഭാസങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്. മേഖലയിലെ ജനങ്ങൾ ഇക്കാര്യത്തിൽ ഏറെ ആശങ്കാകുലരാണ്.

ജനങ്ങളുടെ ഈ ആശങ്കയെ മുതലെടുത്താണ് വേണ്ടത്ര പഠനങ്ങളില്ലാതെയും വിദഗ്ധരുമായി ചർച്ച ചെയ്യാതെയും തിരക്കിട്ട് പുതിയ പദ്ധതി നടപ്പാക്കാനായി മേജർ ഇറിഗേഷൻ വകുപ്പ് ഇറങ്ങിത്തിരിച്ചത്. പ്രത്യക്ഷത്തിൽ ഏറെ ഗുണകരമെന്ന് തോന്നിപ്പിക്കാവുന്ന ഈ പദ്ധതി അവതരിപ്പിക്കുന്നതിലൂടെ ജനകീയപിന്തുണ നേടിയെടുക്കാനുള്ള സർക്കാറിൻ്റെ രാഷ്ട്രീയതന്ത്രമല്ലേ എന്ന് ആരെങ്കിലും സംശയിച്ചാൽ എതിർക്കാനാവില്ല എന്നതാണ് സത്യം.

മീനച്ചിലാറിൻ്റെ ആഴം കൂട്ടിയും തീരങ്ങളിൽ ചാഞ്ഞുകിടക്കുന്ന മരങ്ങൾ മുറിച്ചുമാറ്റിയും പ്രളയക്കെടുതിയെ പരിഹരിക്കാം എന്ന മണ്ടൻ ആശയമാണ് പത്രവാർത്തകളിലൂടെ കോട്ടയം കാർ വായിച്ചറിഞ്ഞത്. കലക്ടറുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് അരക്കോടി രൂപ അനുവദിച്ചു കൊണ്ട് പദ്ധതിക്ക് പച്ചക്കൊടി കാണിച്ചുവെങ്കിലും പിന്നീട് 3 കോടി രൂപ അനുവദിച്ച് പദ്ധതി ബൃഹത്താക്കി.

വേണ്ടത്ര പഠനങ്ങൾ നടന്നിട്ടില്ല എന്നും നടത്തിയ പഠനങ്ങളിൽ വാരിമാറ്റേണ്ട തരത്തിൽ എക്കലോ മണലോ അടിഞ്ഞുകൂടി നദിയുടെ അടിത്തട്ട് ഉയർന്നതായി അറിയാൻ സാധിക്കുന്നില്ല എന്നുമാണ് ബന്ധപ്പെട്ട സർക്കാർവകുപ്പുകളിലുള്ളവർ തന്നെ പറയുന്നത്. ഇറിഗേഷൻ വകുപ്പിലെ എൻജിനിയർമാർക്കു തന്നെ ഇക്കാര്യത്തിൽ വ്യക്തമായ ഒരു അഭിപ്രായം പറയാൻ സാധിക്കുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പത്രങ്ങളിലൂടെ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയതിലൂടെ രാഷ്ട്രീയനേട്ടങ്ങളെയാണോ ലക്ഷ്യമാക്കിയത് എന്നതിന് മറുപടിയുമില്ല.

അടിയ്ക്കടി ഉരുൾപൊട്ടലുകൾ ഉണ്ടായുള്ള വൃഷ്ടിപ്രദേശങ്ങളാണ് മീനച്ചിലാറിനുള്ളത്. അനധികൃത ഖനന മാഫിയ ഈ പ്രദേശങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ പിടിമുറുക്കിയതോടെ ഉത്ഭവസ്ഥാനങ്ങളിലെ മലനിരകൾ ഒന്നൊന്നായി അപ്രത്യക്ഷമായിത്തുടങ്ങി. തുടരെത്തുടരെയുള്ള സ്ഫോടനങ്ങൾ മലനിരകളുടെ ദൃഢതയില്ലാതെയാക്കിയതിനാൽ ഉരുൾപൊട്ടലുകളുടെ നിരക്ക് കൂടുകയും സാധാരണയിൽ കവിഞ്ഞ വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്തു.

ഇടനാടു മുതൽ പടിഞ്ഞാറൻ നിലങ്ങൾ വരെ തലങ്ങും വിലങ്ങും വിന്യസിക്കപ്പെട്ടിരിക്കുന്ന ചെറുതോടുകൾ പലതും ഇല്ലാതാകുകയോ അടഞ്ഞു പോവുകയോ ചെയ്തതു മൂലം പ്രളയജലം കായലിലേക്ക് ഒഴുകിച്ചേരുന്നതിന് തടസ്സമുണ്ടായി. പരിസ്ഥിതിസംഘടനകളുടെയും സർക്കാരിൻ്റെയും പിന്തുണയോടെ നടത്തിയ നദീസംരക്ഷണപ്രവർത്തനങ്ങൾ ഇക്കാര്യത്തിൽ ഏറെ ഗുണമുണ്ടാക്കി എന്നത് വിസ്മരിക്കുന്നില്ല.

പടിഞ്ഞാറൻ പ്രദേശങ്ങൾ കാർഷികഭൂമിയെന്ന സ്വഭാവത്തെ വിട്ട് തികഞ്ഞ ജനവാസമേഖലയായി പരിണമിച്ചതോടെ പാടങ്ങളും ചതുപ്പുകളും നികത്തി പുരയിടങ്ങളായി മാറി. ചെറിയ കൈത്തോടുകൾ വരെ കയ്യേറി സ്വകാര്യവ്യക്തികളുടെ പുരയിടത്തിൻ്റെ ഭാഗമാകുകയോ വഴിയാക്കി മാറ്റുകയോ ചെയ്തു. തിരുവാറ്റാ മുതൽ കാഞ്ഞിരം വരെ വടക്കുനിന്ന് തെക്കോട്ട് ഒഴുകുന്ന നദിയിലെ അധികജലം പ്രളയകാലത്ത് പടിഞ്ഞാറൻ പ്രദേശങ്ങളിലൂടെ നികന്നൊഴുകിയാണ് കായലിൽ ചേർന്നത് എങ്കിൽ ഈ പ്രദേശങ്ങളിലെല്ലാം കിഴക്കൻ മലകൾ ഇടിച്ച് എടുത്ത മണ്ണ് ടിപ്പറിനടിച്ച് പുരയിടങ്ങളെല്ലാം ഉയർത്തിക്കഴിഞ്ഞിരിക്കുന്നു. പരന്നൊഴുകേണ്ട ജലം നദിയിലൂടെ തന്നെ ഒഴുകി കായലിൽ ചേരേണ്ട അവസ്ഥയുണ്ടായിരിക്കുന്നു. ഒഴുകിയെത്തുന്ന ജലം കായലിലേക്ക് പിൻമാറുന്നതിനുണ്ടാകുന്ന കാലതാമസം പ്രളയജലനിരപ്പ് പണ്ടത്തേതിലും കൂടുതലാകാൻ കാരണമാകുന്നു.പൊതുവഴികളെല്ലാം ഉയർത്തിയതിനാൽ പ്രളയജലം തടഞ്ഞു നിർത്തുന്ന അണക്കെട്ടുകൾ പോലെ അവ വർത്തിക്കുന്നു. ഒഴിവാക്കാനാവാത്ത വികസനപ്രവർത്തനമാണ് ഇതൊക്കെ എന്നു വാദിക്കുന്നവർ വെള്ളപ്പൊക്കം രൂക്ഷമാകുന്നതിന് കാരണം ഇതൊക്കെയാണെന്ന് സമ്മതിച്ചേ തീരൂ.

ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയർന്നതിനാൽ കായൽ ജലം കടൽ സ്വീകരിക്കുന്ന തോത് കുറഞ്ഞിരിക്കുന്നു. കായലിൻ്റെ തന്നെ ആഴം കുറഞ്ഞിരിക്കുന്നു. മീനച്ചിലാർ വേമ്പനാട്ടു കായലിൽ ചേരുന്ന കൈപ്പുഴമുട്ട് മുതൽ പഴുക്കാനില വരെയുള്ള ഭാഗത്തെ നദീമുഖങ്ങളോടു ചേർന്ന കായൽ എക്കൽനിക്ഷേപം കൊണ്ട് ഉയർന്നിരിക്കുന്നു. നദിയിലെ പ്രളയജലം കായലിൽ ഒഴുകിച്ചേരാൻ വൈകുന്നത് മേൽപ്പറഞ്ഞ കാരണങ്ങൾ കൊണ്ടാണ്.

ചുങ്കം മുതൽ കാഞ്ഞിരം വരെ ആഴം കൂട്ടുമെന്നാണ് ഇറിഗേഷൻ അധികൃതർ പറയുന്നത്. മുൻകാലങ്ങളിൽ മണൽ വാരി ആഴക്കയങ്ങളായ നദിഭാഗമാണിത്. നൂറ്റാണ്ടുകളായി നദി നിക്ഷേപിച്ച മണൽ ഏറ്റവും കൂടുതലായി വാരിമാറ്റിയത് കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടയിലാണ്. നിയമം മൂലം മണൽവാരൽ നിരോധിച്ചുവെങ്കിലും അനധികൃതമായ മണൽവാരലും മണലൂറ്റും അടുത്ത കാലം വരെയും നടന്നിരുന്നു. അര നൂറ്റാണ്ടിനു മുമ്പ് വരെ നദിയുടെ പഴയ സെമിനാരി വളവിനോട് ചേർന്നുണ്ടായിരുന്ന വലിയ മണൽപ്പുറം ഇന്നവിടെയില്ല എന്നു മാത്രമല്ല ആ ഭാഗം ആഴക്കയമായി മാറിയിരിക്കുന്നു. താഴത്തങ്ങാടിയിൽ വല്യങ്ങാടി ഭാഗത്ത് തിട്ടയിടിഞ്ഞ് റോഡു തകർന്നത് രണ്ടു വർഷങ്ങൾക്ക് മുമ്പാണ്. നദിയുടെ അടിത്തട്ട് ഏറെ താഴ്ന്നുപോയെന്നും അധികമായി മണലോ എക്കലോ അടിഞ്ഞുകൂടായിട്ടില്ല എന്നും നദിയുമായി സമ്പർക്കമുള്ള പ്രദേശവാസികൾ പറയുന്നു. എന്നാൽ നദിക്ക് ഏറെ വളവുതിരിവുകളുള്ള മരിയാത്തുരുത്ത്, കിളിരൂർ എന്നീ പ്രദേശങ്ങളിൽ മൺതിട്ടകൾ രൂപപ്പെട്ടത് നീക്കം ചെയ്യാനുള്ള നീക്കങ്ങളാണ് വേണ്ടിയിരുന്നത്. അതിനായി ഇത്തരമൊരു വലിയ പദ്ധതിയുടെ ആവശ്യമൊന്നും വേണ്ടിവരില്ല. ഇക്കാര്യത്തിലും ആവശ്യമായ പഠനങ്ങൾ ഉണ്ടാകേണ്ടതാണ് എന്നതാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് മനസിലാക്കിയത് അനുസരിച്ച് നദിയുടെ ആഴം കൂട്ടാനൊന്നും പദ്ധതിയിട്ടിട്ടില്ല എന്നാണ് അറിയുന്നത്. അവിടവിടെ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാനേ ഉദ്ദേശിക്കുന്നുള്ളൂ എന്നാണ് അറിയുന്നത്. അത് എവിടെയൊക്കെ എന്നും അതു നീക്കം ചെയ്താൽ ഉദ്ദേശിക്കുന്ന ഫലം കിട്ടുമോ എന്നും വ്യക്തമാക്കാൻ അവർക്ക് സാധിക്കുന്നുമില്ല.

നദി കായലിൽ ചേരുന്ന ഭാഗത്ത് കായലിന് ആഴം കുറഞ്ഞിരിക്കുകയും നദിയുടെ പതനത്തോടടുത്ത ഭാഗങ്ങൾ ആഴം കൂടിയിരിക്കുകയും ചെയ്യുന്ന അവസ്ഥ തന്നെയാണ് നിലവിലുള്ളത്. ഇനിയും ആഴം കൂട്ടുന്നതോടെ ജലം ഒഴുകി മാറുന്നതിന് ഗുണം ചെയ്യുകയില്ല എന്നു മാത്രമല്ല മറ്റു നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ ഉളവാക്കുകയും ചെയ്യും. വേനൽക്കാലത്ത് ഓരുവെള്ളം വേഗത്തിൽ കടന്നുവരുന്നതിന് കാരണമാകും. നദിയുടെ തീരങ്ങളുടെ ദൃഢതയെ ബാധിക്കും. ഇങ്ങനെ നിരവധി ദോഷഫലങ്ങളാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഏറ്റവും പ്രധാനമായി പൊതുഖജനാവിൽ നിന്ന് ഇത്രയും വലിയ ഒരു തുക ചിലവഴിക്കുന്നത് ഗുണത്തെക്കാളേറെ ദോഷഫലങ്ങളുണ്ടാക്കാവുന്ന കാര്യങ്ങൾക്കാണ് എന്നതാണ് ആക്ഷേപം. വേണ്ടത്ര വീണ്ടുവിചാരമില്ലാതെ നടത്തിയ എടുത്തുചാട്ടം എന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് പ്രളയപരിഹാരത്തിന് മികച്ച പദ്ധതി എന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാക്കി രാഷ്ട്രീയലാഭം നേടുകയാണ് ഇത് കെട്ടിയിറക്കിയതു മൂലം ലാക്കാക്കിയത് എന്ന് ചിലർ ആക്ഷേപിക്കുന്നുണ്ട്.ഇതിന് പിന്നിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയനേതൃത്വവും കരാറുകാരും ചേർന്ന് വൻ അഴിമതി നടത്താൻ ലക്ഷ്യമിട്ടിരുന്നു എന്നാണ് ചില കേന്ദ്രങ്ങളിലെ സംസാരം. എന്നാൽ പരിസ്ഥിതി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം നദിയുടെ നിലനില്പിനെ ബാധിക്കുന്ന വിഷയമെന്ന നിലയിൽ പദ്ധതിയെ എതിർക്കുവാനും സർക്കാറിനെ ഇതിൽ നിന്നു പിന്തിരിപ്പിക്കാനുമുള്ള സമരമാർഗ്ഗങ്ങളാണ് തേടുന്നത്.

നദിക്ക് ആഴം കൂട്ടുന്നതു കൂടാതെ നദീതീരത്തെ മരങ്ങൾ മുറിച്ചു മാറ്റാനും പദ്ധതിയിൽ ഉദ്ദേശിക്കുന്നുണ്ട്. നട്ടാശ്ശേരി ഭാഗത്ത് നിന്നും അടുത്തയിടെ മൂന്ന് ലോഡ് ആറ്റ് വഞ്ചിമരംമുറിച്ചിരുന്നു.ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകർ കെ.ബിനുവിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നു. ഉന്നതരാക്ഷ്ട്രീയ ഇടപെടൽ മൂലം കേസിൽ തുടർനടപടികൾ ഉണ്ടായില്ല.

ഈ പദ്ധതി ഏതു വിധേനയും നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുമെന്നതിനാൽ ശക്തമായ തുടർ സമരങ്ങൾ തുടങ്ങുവാനുള്ള നിലപാടിലാണ് തങ്ങളെന്ന് പരിസ്ഥിത സംഘടനകളുടെ ഭാരവാഹികളായ കെ.ബിനു, ഡോ.ശ്രീകുമാർ, ഡോ.എൻ.ഉണ്ണികൃഷ്ണൻ ,ശശികുട്ടൻ വാകത്താനം അറിയിച്ചു.

നദിയിൽ വാരി മാറ്റേണ്ടതായി മണലും എക്കലും ഉണ്ടെന്ന് ഈ പദ്ധതിയിലൂടെ വരുത്തിതീർക്കൽ മണൽ മാഫിയയെ സഹായിക്കാനാണെന്നാണ് പ്രധാന ആരോപണം. കൂടാതെ മീനച്ചിലാറിൻ്റെ തീരത്തെ ആറ്റുവഞ്ചികൾ മുറിച്ചു കടത്തുന്ന കാട്ടുകൊള്ളക്കാർ സജീവമായിരിക്കേ സർകാർ തന്നെ ഈ നശീകരണപ്രക്രിയ ഏറ്റെടുക്കുന്നത് മരമോഷണക്കാർക്ക് പ്രചോദമാകുമെന്നാണ് ഇവരുടെ ആക്ഷേപം.