തൃശൂര്‍: ബിജെപിയുടെ ജില്ലാ ഘടകത്തില്‍ നിന്നും തുടങ്ങി സംസ്ഥാനനേതൃത്വവും ഏറ്റവുമൊടുവില്‍ കേന്ദ്രനേതൃത്വവും നടത്തിയ ശക്തമായ സമ്മര്‍ദ്ദത്തിനും വഴങ്ങി എത്തുന്ന നടന്‍ സുരേഷ് ഗോപിയ്ക്ക് തൃശൂരിലിത് രണ്ടാമൂഴം.

സുരേഷ് ഗോപിയ്ക്കായി ബിജെപി ഒന്നടങ്കം സമ്മര്‍ദ്ദം ചെലുത്തിയ സ്നേഹം നിറഞ്ഞ സമ്മര്‍ദ്ദത്തിന് ഒറ്റ ലക്ഷ്യമേയുള്ളൂ- തൃശൂര്‍ മണ്ഡലത്തില്‍ താമര വിരിയിക്കുക. കാരണം തൃശൂര്‍ ഇത്തവണ ബിജെപി ഏറെ പ്രതീക്ഷ നല്‍കുന്ന മണ്ഡലമാണ്. സംസ്ഥാനത്ത് മറ്റ് പല മണ്ഡലങ്ങളിലും എന്നതുപോലെ തൃശൂര്‍ ജില്ലയിലും ഇക്കുറി അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷ ബിജെപിയ്ക്കുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജകമണ്ഡലത്തില്‍ സുരേഷ് ഗോപി 37641 വോട്ട് നേടിയെന്ന് മാത്രമല്ല, സിപിഐയുടെ രാജാജിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. യുഡിഎഫിന് വേണ്ടി മത്സരിച്ച ടി.എന്‍. പ്രതാപനേക്കാള്‍ ചെറിയൊരു വോട്ട് വ്യത്യാസത്തിനാണ് അന്ന് സുരേഷ് ഗോപി തൃശൂരില്‍ രണ്ടാമതായത്. പക്ഷെ ഇക്കുറി താരം നിയമസഭാ മണ്ഡലത്തിന് മാത്രമായി ഇറങ്ങുന്നതുകൊണ്ട് മണ്ഡലം പിടിക്കാമെന്ന് തന്നെയാണ് കരുതുന്നത്. 2016ല്‍ 6,987 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിന് വേണ്ടി വി.എസ് സുനില്‍കുമാര്‍ ഇവിടെ ജയിച്ചത്. ഇവിടെ കഴിഞ്ഞ തവണ ബിജെപിയ്ക്ക് വേണ്ടി ബി. ഗോപാലകൃഷ്ണന്‍ പിടിച്ചത് 24,748 വോട്ടുകളാണ്. എന്തായാലും സുരേഷ് ഗോപി വോട്ടുകളുടെ എണ്ണം കൂട്ടുമെന്ന് മാത്രമല്ല, മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളെയും പിന്നിലാക്കുമെന്ന് തന്നെയാണ് കരുതുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കരുത്തനായ ടി.എന്‍. പ്രതാപനായിരുന്നു എതിരാളിയെങ്കില്‍ ഇക്കുറി കോണ്‍ഗ്രസിന്‍റെ പത്മജയും സിപിഐയുടെ പി. ബാലചന്ദ്രനും അത്രയ്ക്ക ശക്തരല്ല. അതുകൊണ്ട് തന്നെ താരത്തിന് ജയമുറപ്പിക്കുക എളുപ്പമാണ്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നോ പറയാന്‍ കഴിയാതിരുന്ന അതേ സാഹചര്യം തന്നെയാണ് ഇക്കുറിയും സുരേഷ് ഗോപിയ്ക്ക് കൈവന്നത്. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയ സമയം മുതല്‍ സുരേഷ് ഗോപിയുടെ പേര് തൃശൂരില്‍ ഉയര്‍ന്നുവന്നതാണ്.

മത്സരിക്കില്ലെന്ന നിലപാട് തുടക്കം മുതലേ എടുത്ത സുരേഷ് ഗോപിക്കുമേല്‍ ബിജെപിയുടെ സമ്മര്‍ദ്ദം ശക്തമായിരുന്നു. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്ന സമയത്ത് തന്നെയാണ് നായകനായി അഭിനയിക്കുന്ന ജോഷി ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2019ല്‍ കേന്ദ്ര നേതൃത്വം മാത്രമായിരുന്നു സുരേഷ് ഗോപിയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെങ്കില്‍ ഇക്കുറി തൃശൂര്‍ ജില്ല നേതൃത്വവും സംസ്ഥാന നേതൃത്വവും ഒറ്റക്കെട്ടായ് സുരേഷ് ഗോപിയ്ക്ക് വേണ്ടി വാദിച്ചു. തൃശൂര്‍ ജില്ലാസമിതി തൃശൂരിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒന്നാം സ്ഥാനം നല്‍കിയത് സുരേഷ് ഗോപിയ്ക്കാണ്. അതല്ലെങ്കില്‍ മാത്രം ഇ. ശ്രീധരന്‍ എന്നതായിരുന്നു കണക്കുകൂട്ടല്‍. കരാറിലേര്‍പ്പെട്ട സിനിമയുടെ ഷൂട്ടിംഗ് പ്രതിബദ്ധതകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പരമാവധി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പക്ഷെ ഒരു ത്രില്ലര്‍ സിനിമയിലെന്നതുപോലെ അവസാനനിമിഷം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായത്.