ന്യൂഡല്‍ഹി: ‘സാധാരണ ഒരു മരണം ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ പോകുമ്പോള്‍ രാജ്യം മുഴുവനും എന്നെ ഓര്‍മിക്കണം”- ദേശീയ സുരക്ഷാ സേനയില്‍ (എന്‍എസ്ജി) ചേരുന്ന ദിവസം അച്ഛനോട് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ പറ‍ഞ്ഞ വാക്കുകളാണിത്. 2008 നവംബര്‍ 26ന് അദ്ദേഹം ആഗ്രഹിച്ചതുപോലെ തന്നെ സംഭവിച്ചു. മുംബൈ താജിലും ഒബെറോയിയിലും ചബാഡ് ഹൗസിലും ഭീകരവാദികളെ നേരിടാന്‍ സുരക്ഷാ സേന കാണിച്ച ധീരത എല്ലാ 26/11നും രാജ്യം ഒന്നാകെ ഓര്‍മിക്കുന്നു. 2008ല്‍ രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിനിടെ, താജ് ഹോട്ടലില്‍ തമ്ബടിച്ച ഭീകരന്‍മാരുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീരമൃത്യു. സ്വജീവന്‍ ബലിനല്‍കി മറ്റുള്ളവരുടെ ജീവന് കാവലാളായ സന്ദീപിന്റെ വീരമൃത്യുവിന് കാലം കഴിയുന്തോറും തിളക്കം വര്‍ധിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ സ്വദേശിയായ സന്ദീപ് ബെംഗളൂരുവിലായിരുന്നു താമസിച്ചിരുന്നത്. ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷണന്റെയും ധനലക്ഷ്മിയുടെയും മകന്‍. പഠിച്ചതും വളര്‍ന്നതും ബെംഗളൂരുവിലായിരുന്നു. കുട്ടിക്കാലം മുതലേ രാജ്യത്തെ സേവിക്കണം എന്നാഗ്രഹിച്ച യുവാവ് 1995ല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യന്‍ കരസേനയുടെ ബിഹാര്‍ റെജിമെന്റിന്റെ ഭാഗമായി. 2007 മുതല്‍ ദേശീയ സുരക്ഷാസേനയില്‍ ഡെപ്യൂട്ടേഷനില്‍ പ്രവേശിച്ചു. ഇന്ത്യ ക്രിക്കറ്റില്‍ തോറ്റാല്‍ പോലും സഹിക്കാന്‍ കഴിയാത്ത വിധത്തിലായിരുന്നു സന്ദീപ്. ഐഎസ്‌ആര്‍ഒ ദൗത്യം പരാജയപ്പെട്ടാല്‍ പോലും ഏറെ ദുഃഖിതനാകുമായിരുന്നു. ദേശീയതയെ ഏറെ പിന്തുണച്ചിരുന്നു സന്ദീപ് ഉണ്ണികൃഷ്ണനെന്നും അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയുന്നു. മുംബൈ താജ് ഹോട്ടലില്‍ പാക് ഭീകരര്‍ ജനങ്ങളെ ബന്ദികളാക്കിയപ്പോള്‍ അവരെ നേരിടാന്‍ നിയോഗം ലഭിച്ചവരില്‍ ഒരാളായിരുന്നു സന്ദീപ്. ഭീകരരെ തുരത്താനായുള്ള ബ്ലാക്ക് ടൊര്‍ണാഡോ ഓപ്പറേഷനിടെ വന്‍ മുന്നേറ്റമായിരുന്നു സന്ദീപ് നടത്തിയത്. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ സഹപ്രവര്‍ത്തകനെ ഭീകരരില്‍നിന്നും രക്ഷപ്പെടുത്തിയ ശേഷം വീണ്ടും അവര്‍ക്കിടയിലേക്ക് കുതിക്കുകയായിരുന്നു സന്ദീപ്. അതിനിടെ വെടിയേറ്റു വീണു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങി. ‘ആരും അടുത്തേക്ക് വരരുത്, അവരെ ഞാന്‍ കൈകാര്യം ചെയ്തോളാം’-ഇതായിരുന്നു സന്ദീപ് സഹപ്രവര്‍ത്തകര്‍ക്ക് അവസാനം അയച്ച സന്ദേശം എന്ന് അച്ഛന്‍ തന്നെ പറയുകയുണ്ടായി. അത്രമേല്‍ വിരോചിതമായിരുന്നു ആ ജീവിതവും മരണവും.

സന്ദീപിന്റെ വീരമൃത്യുവിനോടുള്ള ആദരസൂചകമായി രാജ്യം അദ്ദേഹത്തിന് അശോകചക്ര നല്‍കി ആദരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇപ്പോഴും നിരവധിയാളുകള്‍ സന്ദീപിന്റെ വീരസ്മരണ പുതുക്കി ബെംഗളുരുവിലെ വസതിയിലെത്താറുണ്ട്. ബെംഗളുരുവിലെ വസതിക്ക് സമീപം ഗ്രാനൈറ്റില്‍ തീര്‍ത്ത സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരക ശിലയിലേക്കും ജനപ്രവാഹം ഉണ്ടാകാറുണ്ട്.

ഏറ്റെടുക്കുന്ന പ്രവര്‍ത്തികളില്‍ വിജയം കാണാതെ മടങ്ങാന്‍ മേജര്‍ സന്ദീപ് തയ്യാറായിരുന്നില്ല, അതേ മനോഭാവത്തോടെയാണ് 2008ല്‍ മുംബൈ ആക്രമിക്കാനെത്തിയ ഭീകരരെയും നേരിട്ടത്, സ്വന്തം രാജ്യം തോല്‍ക്കാന്‍ പാടില്ലെന്ന ദൃഢനിശ്ചയമായിരുന്നു അതിനു പിന്നില്‍. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഇന്ത്യ ജയിക്കണമെന്നായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന്റെ ആഗ്രഹം. ഒടുവില്‍ ജീവന്‍ നല്‍കിയതും അതിനായി തന്നെ. ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നിറയെ ഓര്‍മ്മചിത്രങ്ങളും, കുറിപ്പുകളുമാണ്. സ്വന്തം രാജ്യത്തിനായി പോരാടിയ ആ ധീര സൈനികന്റെ ജീവിതം വരും തലമുറയ്ക്ക് കാണാനായി സൂക്ഷിക്കുകയാണ് കുടുംബം.

എന്‍എസ്ജിയുടെ 51 സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിലെ, ബ്ലാക്ക് കാറ്റ്സിലെ, അംഗമായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. കാശ്മീരില്‍ മൂന്ന് ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയ ആ ധീരസൈനികന്‍ സിയാച്ചിനിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. സന്ദീപ് അതിനകം തന്നെ ഒരു ഇന്‍സ്ട്രക്ടര്‍ റോളില്‍ എത്തിയിട്ടുണ്ടായിരുന്നു. എന്നിട്ടും അവസാന ദൗത്യത്തിന് ആരൊക്കെ പോരുന്നുണ്ട് എന്ന് ചോദിച്ചപ്പോള്‍ ആദ്യം കൈപൊക്കി സംഘത്തിന്റെ ഭാഗമായത് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ തന്നെയായിരുന്നു.

മകന്‍ കൊല്ലപ്പെട്ട് അധികനാള്‍ കഴിയാതെ തന്നെ ആ അച്ഛനുമമ്മയും ഒരു തീര്‍ത്ഥയാത്രക്ക് പോയി. അമ്പലങ്ങളിലേക്കല്ല, തങ്ങളുടെ കണ്മുന്നിലൂടെ പ്രിയപ്പെട്ട മകന്‍ നടന്നുപോയ വഴികളിലൂടെ. സന്ദീപ് പതിനാലുകൊല്ലം കളിച്ചുനടന്ന, പഠിച്ചുവളര്‍ന്ന ബെംഗളൂരുവിലെ ഫ്രാങ്ക് ആന്റണി പബ്ലിക് സ്‌കൂളിലേക്ക്. അവിടെ അവന്റെ ക്ലാസില്‍ അവനിരുന്ന ബെഞ്ചില്‍ അവര്‍ പോയിരുന്നു. ആ ബെഞ്ചുകളില്‍ അവന്‍ അവശേഷിപ്പിച്ചിട്ടുപോയ വിരല്‍പ്പാടുകള്‍ തിരഞ്ഞു. അവനെ പഠിപ്പിച്ച അധ്യാപകരെക്കണ്ടു. മോനെപ്പറ്റിയുള്ള അവരുടെ ഓര്‍മകള്‍ക്ക് കാതോര്‍ത്തു. മനേസറിലെ എന്‍എസ്ജി ആസ്ഥാനത്ത് മകന്‍, തന്റെ മരണദൗത്യമായിപ്പോയ ‘ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോ’യ്ക്ക് പുറപ്പെടും മുമ്പ്‌ വെടിപ്പാക്കി വെച്ച്‌, പൂട്ടിപ്പോന്ന അവന്റെ മുറിയില്‍ അവര്‍ ചെന്നിരുന്നു. ആ മുറിയില്‍ അപ്പോഴും തങ്ങിനിന്ന മകന്റെ ഗന്ധമവര്‍ നാസാരന്ധ്രങ്ങളിലേക്ക് വലിച്ചെടുത്തു.

പിന്നെയവര്‍ പോയത് മുംബൈ കൊളാബയിലെ താജ് പാലസ് ഹോട്ടലിലേക്കാണ്. തങ്ങളുടെ മകന്‍ ഏത് സാഹചര്യത്തില്‍ കൃത്യമായി എവിടെ വെച്ചാണ് മരിച്ചത് എന്നവര്‍ക്ക് അറിയണമായിരുന്നു. അവിടം കാണണമായിരുന്നു. നവംബര്‍ 28-ലെ പകലില്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ മരിച്ചു മരവിച്ചുകിടന്ന താജ് പാലസിലെ പാം ലോഞ്ചില്‍ അവരെത്തി. അവിടെയിരുന്നുകൊണ്ട്, അവരിരുവരും അവരിരുവരും കണ്ണുകള്‍ ഇറക്കിപ്പൂട്ടിക്കൊണ്ട് തങ്ങളുടെ മകന്റെ യാത്രയിലെ ഓരോ നിമിഷവും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അച്ഛന്റെ കയ്യിലേക്ക് പെറ്റിട്ടുകൊടുത്ത നിമിഷം മുതല്‍, മലര്‍ന്നുകിടന്ന് കൈകാലിട്ടടിച്ച മകന്‍, കമിഴ്ന്നുവീണ്, മുട്ടിലിഴഞ്ഞ്, എഴുന്നേറ്റു പിച്ചവെച്ച്‌, വീണ്ടും വീണ്, ഒടുവില്‍ വളര്‍ന്നു വലിയ കുട്ടിയായി, കൗമാരയൗവ്വനങ്ങള്‍ പിന്നിട്ട്, ആശിച്ചുമോഹിച്ച എന്‍എസ്ജി ജോലിയും നേടി തങ്ങളെ വിട്ടു ദൂരേക്ക് പോയത്. ഒടുവില്‍, അത്രയും കാലം തങ്ങള്‍ പകര്‍ന്നുകൊടുത്ത സ്നേഹവും, അറിവും, വിദ്യാഭ്യാസവും എല്ലാം കയ്യിലേന്തി ആ ഹോട്ടലിന്റെ ലോബിയിലേക്ക് മരണത്തെപ്പുല്‍കാന്‍ വേണ്ടി നടന്നുകേറിയത്. ഒക്കെ ആ ദമ്ബതികള്‍ പരസ്പരം കൈകോര്‍ത്തുപിടിച്ചിരുന്നുകൊണ്ട് തങ്ങളുടെ ഉള്‍ക്കണ്ണില്‍ കണ്ടു, കണ്ണീര്‍വാര്‍ത്തു.

അങ്ങനെ ഒരു തീരുമാനമെടുത്തത് സന്ദീപ് മരിച്ച മൂന്നാം നാളായിരുന്നു. ഇനിയെന്ത് എന്ന് പകച്ചുനിന്നു ദിനാനന്തങ്ങളില്‍ ഒന്നില്‍, ധനലക്ഷ്മിയാണ് പറഞ്ഞത്, നമുക്ക് സന്ദീപിനെ കാണാന്‍ പോകണമെന്ന്. മകന്റെ ചിതാഭസ്മവും കയ്യിലേന്തിയാണ് അവര്‍ മകന്റെ കാല്പാടുകള്‍ തിരഞ്ഞുള്ള യാത്രക്ക് പുറപ്പെട്ടത്. അവന്‍ പരിചയിച്ച ലോകങ്ങളിലേക്ക് വീണ്ടുമൊരു തീര്‍ത്ഥയാത്രക്കിറങ്ങിയത്.ഡിസംബര്‍ ആറിനാണ് അവരുടെ യാത്ര തുടങ്ങിയത്. ബാംഗ്ലൂരിലെ സ്‌കൂളില്‍ സന്ദീപിന്റെ ഓര്‍മയില്‍ അസംബ്ലിയിലെ കുട്ടികള്‍ മുഴുവന്‍ നമ്രശിരസ്കരായി ഒരു നിമിഷം മൗനമായി നിന്നു. അവിടെ നിന്ന് നേരെ മനേസറിലെ എന്‍എസ്ജി ആസ്ഥാനത്തേക്ക്. അവിടെ ഓസ്കര്‍ സ്ക്വാഡ്രന്‍റെ ആറാം നമ്പര്‍ മുറിയിലേക്ക്. അവിടെയാണ് സന്ദീപ് 94 ആം ബാച്ചില്‍ ഒളിമ്പ്യന്‍ കേഡറ്റായി ഉണ്ടായിരുന്നത്. അതും കഴിഞ്ഞാണ് അവര്‍ താജിലേക്ക് പോകുന്നത്.