തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെ 20 കേന്ദ്ര നേതാക്കളുമായി ബിജെപി താരകപ്രചാരകര്‍ കേരളത്തിലേക്ക്. മൂന്നു ദിവസം തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തുന്ന മോദി അഞ്ച് മഹാറാലികളില്‍ പങ്കെടുക്കും. അമിത് ഷാ പത്ത് സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും, ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.

ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ 4 ദിവസം കേരളത്തിലുണ്ടാകും. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍, നിതിന്‍ ഗഡ്കരി, പ്രകാശ് ജാവഡേക്കര്‍, പീയുഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്വി, രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി, ധര്‍മേന്ദ്ര പ്രധാന്‍, അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ രണ്ട് ദിവസം കേരളത്തിലെ പ്രചരണങ്ങളില്‍ പങ്കെടുക്കും.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , കോണ്‍ഗ്രസ് മുന്‍ നേതാവ് ജ്യോതിരാദിത്യ സിന്ധു, തേജസ്യ സൂര്യ തുടങ്ങിയവരും കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഉണ്ടാകുമെന്ന് കേന്ദ്ര നേതൃത്വത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

കേരളത്തിന്റെ അങ്കത്തട്ടില്‍ വളരെയധികം വിജയപ്രതീക്ഷയോടെയാണ് ഇത്തവണ ബിജെപി. ഏറ്റവുമധികം സീറ്റില്‍ മത്സരിക്കുന്ന പാര്‍ട്ടിയും ഇവര്‍തന്നെ. 115 സീറ്റുകളില്‍ 112 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും കഴിഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്ക് 35 സീറ്റ് മതിയെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ ബിജെപി ശക്തമായ രീതിയില്‍ തിരഞ്ഞെടുപ്പിനെ നേരിടുമെന്നതിന്റെ തെളിവാണ് കേന്ദ്രനേതാക്കളുടെ കേരളസന്ദര്‍ശനം.