ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ വിവാഹിതനായി. മോഡലും സ്പോര്‍ട്സ് അവതാരകയുമായ സഞ്ജന ഗണേശനാണ് വധു. ഗോവയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം.

താന്‍ വിവാഹിതനായ വിവരം ബുംറ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഞങ്ങളൊരുമിച്ച്‌ പുതിയ യാത്ര തുടങ്ങുന്ന ദിവസമാണ് ഇന്നെന്നും നിങ്ങളുടെ എല്ലാവരുടെയും ആശംസയും അനുഗ്രഹവും ഒപ്പം വേണമെന്നുമാണ് ബുംറ കുറിച്ചത്. സഹതാരങ്ങളും ആരാധകരും ബുംറയ്ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

 

 

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ നിന്നും ബുംറയ്ക്ക് ബിസിസിഐ അവധി നല്‍കിയതു മുതല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ പിന്‍മാറുകയാണെന്ന് ബിസിസിഐ അറിയിച്ചാണ് ബുംറ ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്തത്. ഇതിനു പിന്നാലെ ബുംറയുടെ വിവാഹ വാര്‍ത്തകളും പുറത്തുവന്നു തുടങ്ങി. ബുംറയുടെ വധുവിന്റെ കാര്യത്തിലും പല അഭ്യൂഹങ്ങളും പരന്നിരുന്നു.

ഇന്ത്യയ്ക്കായി 19 ടെസ്റ്റും, 67 ഏകദിനങ്ങളും, 50 ടി 20 മത്സരങ്ങളും 27 കാരനായ ബുംറ കളിച്ചിട്ടുണ്ട്. 2016 ലാണ് ബുംറ രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയത്.