ബംഗ്ലാദേശിന്റെ പരമ്പരാഗതമായ ക്ലബ് അടിസ്ഥാനമാക്കിയുള്ള 50 ഓവര്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ധാക്ക പ്രീമിയര്‍ ലീഗ് ഈ വര്‍ഷം ടി20 ഫോര്‍മാറ്റില്‍. ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ വെച്ച്‌ ടി20 ലോകകപ്പ് നടക്കുന്നു എന്നതിനാലാണ് ഈ ഫോര്‍മാറ്റഅ മാറ്റം എന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു.

ലോകകപ്പിനുള്ള തയ്യാറെടുപ്പുകളെന്ന നിലയില്‍ ഈ ഫോര്‍മാറ്റ് മാറ്റം ബംഗ്ലാദേശ് ടീമിലെ താരങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധാക്ക മെട്രോപോളിസിന്റെ ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍ ആയ കാസി ഇനാം അഹമ്മദ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കൊറോണ കാരണം മാര്‍ച്ച്‌ പകുതി ആയപ്പോള്‍ ഡിപിഎല്‍ ഉപേക്ഷിക്കുകയായിരുന്നു. ഡിപിഎല്‍ നടത്താനായില്ലെങ്കിലും ബിസിബി പ്രസിഡന്റ്സ് കപ്പും ബംഗബന്ധു ടി20 കപ്പും നടത്തുവാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് സാധിച്ചിരുന്നു. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ക്ലബ്ബുകളെല്ലാം ഈ ഫോര്‍മാറ്റ് മാറ്റത്തിന് അനുകൂലമായ നിലപാടാണ് എടുത്തതെന്നാണ് ലഭിയ്ക്കുന്ന വിവരം.