കാഠ്മണ്ഡു : നേപ്പാളിൽ സർക്കാർ ഓഫീസിൽ ബോംബ് പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. സിരാഹ ജല്ലയിലെ ലഹാനിൽ ഉച്ചയോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്.

ലാന്റ് റവന്യൂ ഓഫീസിന്റെ ഒന്നാം നിലയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. പ്രഷർകുക്കർ ബോംബ് ആണ് പൊട്ടിത്തെറിച്ചത് എന്നാണ് വിവരം. സ്‌ഫോടനത്തിൽ അഞ്ച് പുരുഷന്മാർക്കും മൂന്ന് സ്ത്രീകൾക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ മുഴുവൻ പേരും റവന്യൂ ഓഫീസിലെ ജീവനക്കാരാണ്.

പരിക്കേറ്റവരിൽ മൂന്ന് പേർ ലഹാനിലെ സപ്തഋഷി ആശുപത്രിയിലും, മറ്റ് അഞ്ച് പേർ ലഹാൻ ആശുപത്രിയിലുമാണ് ചികിത്സയിലിരിക്കുന്നത്. ഇവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ജനതന്ത്രിക് താരയ് മുക്തി മോർച്ചയാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന. ഇത് വ്യക്തമാക്കുന്ന രേഖകൾ സംഭവ സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.