ഛണ്ഡീഗഡ് : പഞ്ചാബിൽ വീണ്ടും പാക് ഡ്രോൺ കണ്ടെത്തി. പഠാൻകോട്ട് ജില്ലയിലാണ് അതിർത്തി സംരക്ഷണ സേന പാക് ഡ്രോൺ കണ്ടെത്തിയത്. വൈകീട്ടോടെയായിരുന്നു സംഭവം.

ഇന്തോ-പാക് അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപം ദിന്ദ പോസ്റ്റിനടുത്താണ് ഡ്രോൺ കണ്ടെത്തിയത്. ഉടനെ വെടിവെച്ചിടാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഡ്രോൺ അതിവേഗം നീങ്ങുകയായിരുന്നു. സംഭവത്തിൽ ബിഎസ്എഫ് അന്വേഷണം ആരംഭിച്ചു.

പാക് അതിർത്തി കടന്നാണ് ഡ്രോൺ പഞ്ചാബിൽ എത്തിയതെന്ന് പഠാൻകോട്ട് എസ്എസ്പി ഗുൽനീത് സിംഗ് ഖൗറാൻ പറഞ്ഞു. ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബിഎസ്എഫ് വെടിവെച്ചിടാൻ ശ്രമിച്ചു. എന്നാൽ അതിവേഗം ഡ്രോൺ പാകിസ്താൻ അതിർത്തിയിലേക്ക് നീങ്ങിയെന്നും അദ്ദേഹം അറിയിച്ചു.

അടുത്തിടെയായി പഞ്ചാബിൽ പാക് ഡ്രോണുകളുടെ സാന്നിദ്ധ്യം വർദ്ധിച്ചുവരികയാണ്. 2020 ഡിസംബറിൽ പാക് ഡ്രോണിൽ നിന്നും വീണ 11 ഗ്രനേഡുകൾ ബിഎസ്എഫ് കണ്ടെടുത്തിരുന്നു.