കോഴിക്കോട് : കുറ്റ്യാടിയിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അഡ്വ. എ.എ റഹീം സ്ഥാനാർത്ഥിയാകുമെന്ന് സൂചന. മണ്ഡലത്തിലേക്ക് എ.എ റഹീമിന്റെ പേരാണ് നേതൃത്വം പരിഗണിക്കുന്നത്. അതേസമയം ഇതിനെതിരെ ഒരു വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധം തുടരുകയാണ്.

ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി കുഞ്ഞമ്മദിന് സീറ്റ് നൽകണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ ഇത് പരിഗണിക്കാത്തതിനെ തുടർന്ന് കുഞ്ഞമ്മദിനെ പിന്തുണയ്ക്കുന്നവർ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ നിന്നും വിട്ട് നിന്നു. ഇത് ജില്ല നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതിനിടെ അനുനയശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. സീറ്റ് നഷ്ടപ്പെട്ടതിൽ സ്വാഭാവിക പ്രതിഷേധം നടത്തിയവർക്കിടയിലേക്ക് പാർട്ടി വിരുദ്ധർ നുഴഞ്ഞു കയറി പ്രശ്‌നങ്ങൾ സൃഷ്ടിക്കുക ആയിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ ആരോപിച്ചു.

നേരത്തെ കുറ്റ്യാടിയിൽ ഉൾപ്പെടെ 13 നിയമസഭാ സീറ്റുകൾ കേരള കോൺഗ്രസ് എം ന് ആയിരുന്നു എൽഡിഎഫ് നൽകിയത്. എന്നാൽ കുറ്റിയാടിയിൽ രൂപപ്പെട്ട സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിൽ  സീറ്റ് സി പി എമ്മിന് വിട്ടുനൽകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.

കേരളാ കോൺഗ്രസ്സ് (എം) നെ സംബന്ധിച്ച് ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് മുഖ്യപരിഗണനയന്ന് ചെയർമാൻ ജോസ്. കെ മാണി പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജയിക്കേണ്ടതും, എൽ.ഡി.എഫിന്റെ തുടർഭരണം കേരളത്തിൽ ഉണ്ടാകേണ്ടതും രാഷ്ട്രീയമായ അനിവാര്യതയാണ് എന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം പാർട്ടി സ്വീകരിക്കുന്നത്. മുന്നണിയുടെ ഐക്യത്തിന്  പോറൽ എൽപ്പിക്കുന്ന ഒന്നും കേരളാ കോൺഗ്രസ്സ് (എം) പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന നിർബന്ധമുണ്ട്. 13 സീറ്റ് കേരളാ കോൺഗ്രസ്സ് പാർട്ടിക്ക് പൂർണ്ണമായും അവകാശപ്പെട്ടതാണെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇടതുമുന്നണി നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്നും ജോസ് കെ.മാണി പറഞ്ഞു.