ആര്യനാട് : വെള്ളനാട് കമ്പനിമുക്കിലെ ഓട്ടോ ഡ്രൈവറെ ആക്രമിച്ച്‌ വാഹനം കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. പേരൂര്‍ക്കട ഇന്ദിരാ നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന വഴയില സ്വദേശി ശ്രീജിത്ത് (ചന്തു-36)ആണ് അറസ്റ്റിലായത്. വെള്ളനാട് കമ്പനിമുക്ക് ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ സാംകുട്ടി(65)യെയാണ് ആക്രമിച്ചത്.

മൂന്നാം തീയതി ഉച്ചയ്ക്ക് ഒരുമണിയോടെ വെള്ളനാട് വെള്ളൂര്‍പ്പാറയില്‍നിന്ന്‌ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിനു സമീപം പോകണമെന്ന് പറഞ്ഞാണ് ശ്രീജിത്ത് റിക്ഷ വിളിച്ചത്. തുടര്‍ന്ന് കാട്ടാക്കട എത്തിയ ശേഷം മൊളിയൂരില്‍ പോകാനാശ്യപ്പെട്ടു. ഇവിടെ എത്തിയപ്പോള്‍ കാറിലെത്തിയ സംഘവും ശ്രീജിത്തും ചേര്‍ന്ന് സാംകുട്ടിയെ മര്‍ദിച്ച്‌ അവശനാക്കിയശേഷം ഓട്ടോറിക്ഷയുമായി മുങ്ങുകയായിരുന്നു .

ആര്യനാട് പോലീസും സ്പെഷ്യല്‍ സ്‌ക്വാഡും നടത്തിയ അന്വേഷണത്തിലാണ് പ്രതികളില്‍ ഒരാള്‍ അറസ്റ്റിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു