തമിഴ് സിനിമ സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ എസ്.പി ജനനാഥന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. അനാരോഗ്യത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജനനാഥന്.
1959 മെയ് ഏഴിന് ജനിച്ച ജനനാഥന് 2003ല്‍ ഇയര്കയില് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഇത് തമിഴിലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടി. ആദ്യ ചിത്രത്തിന് തന്നെ മികച്ച ഫീച്ചര്‍ സിനിമക്കുള്ള ദേശീയ അവാര്‍ഡ് നേടി.
വിജയ് സേതുപതി, ശ്രുതി ഹാസന് എന്നിവര്‍ അഭിനയിച്ച ലാഭം ആണ് അദ്ദേഹത്തിന്റെ അവസാന സിനിമ. ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല.
ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള എസ്പി ജനനാഥന്റെ മരണം സ്ഥിരീകരിച്ചു. പേരാന്മൈ, ഇ, പുറമ്ബോക്ക് എങ്കിറ പോതുവുടമൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
ലാഭം എന്ന സിനിമയുടെ എഡിറ്റിങ് ജോലികള്‍ നടക്കുന്നതിനിടെയാണ് അന്ത്യം. സിനിമയുടെ ജോലികള്‍ നടക്കുന്നതിനിടെ വീട്ടിലേക്ക് പോയ ജനനാഥന് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലാണ് വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.