ന്യൂഡല്‍ഹി : ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ പുതുമുഖങ്ങള്‍ക്ക് കാര്യമായ പരിഗണന കിട്ടി. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഇക്കുറി പട്ടികയില്‍ ഇടം നേടി. ഇതോടൊപ്പം പ്രമുഖനേതാക്കളെല്ലാം പോരാട്ടം കടുപ്പിക്കാന്‍ രംഗത്തുണ്ട്. യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫില്‍ നിന്നും ചില സര്‍പ്രൈസ് എന്‍ട്രികളും ബി.ജെ.പിയിലേക്ക് ഉണ്ടായി.

ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ പ്രധാന മുഖമായ സന്ദീപ് വാര്യര്‍ ഷൊര്‍ണ്ണൂരിലാവും മത്സരിക്കുക. സീരിയല്‍ നടന്‍ വിവേക് ഗോപന്‍ കൊല്ലം ചവറയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാവും. ഡിവൈഎഫ്‌ഐ നേതാവായിരുന്ന കെ.സഞ്ജു മാവേലിക്കരയില്‍ സ്ഥാനാര്‍ത്ഥിയാകും.

നേരത്തെ ബി.ഡി.ജെ.എസ് മത്സരിച്ചു വന്ന കോഴിക്കോട് സൗത്ത് ഇക്കുറി ബി.ജെ.പി ഏറ്റെടുത്തു. ഇവിടെ യുവനേതാവ് നവ്യ ഹരിദാസാണ് സ്ഥാനാര്‍ത്ഥി. കെ.പി. പ്രകാശ് ബാബുവാണ് ബേപ്പൂരിലെ സ്ഥാനാര്‍ത്ഥി. കോഴിക്കോട് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.അബ്ദുള്‍ സലാം തിരൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായത് തീര്‍ത്തും അപ്രീതിക്ഷിതമായിട്ടാണ്.

കഴിഞ്ഞ തവണ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തിയ മലമ്ബുഴയില്‍ സി.കൃഷ്ണകുമാര്‍ വീണ്ടും ജനവിധി തേടും. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എ.നാഗേഷ് പാര്‍ട്ടി ശക്തികേന്ദ്രമായ പുതുക്കാട് മത്സരിക്കും. കഴിഞ്ഞ ആഴ്ച ബിജെപിയില്‍ ചേര്‍ന്ന പന്തളം സുധാകരന്റെ സഹോദരന്‍ പന്തളം പ്രതാപന്‍ അടൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. തിരുവനന്തപുരം സെന്‍ട്രലില്‍ അഭിനേതാവ് കൃഷ്ണ കുമാര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവും.