ന്യൂഡല്‍ഹി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന എല്ലാത്തരം പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളും അടുത്ത വര്‍ഷം മുതല്‍ രാജ്യത്ത് നിരോധിക്കും. അടുത്ത വര്‍ഷം ജനുവരി ഒന്ന്, ജൂലായ് ഒന്ന് എന്നിങ്ങനെ രണ്ടുഘട്ടങ്ങളായിട്ടാവും നിരോധനം ഏര്‍പ്പെടുത്തുക. വിലക്കേര്‍പ്പെടുത്തിയാല്‍ പിന്നെ ഇവ നിര്‍മ്മിക്കാനോ ഇറക്കുമതി ചെയ്യാനോ വില്‍ക്കാനോ ഉപയോഗിക്കാനോ സാധിക്കില്ല.

പ്ലാസ്റ്റിക് തണ്ടുള്ള ഇയര്‍ ബഡുകള്‍, ബലൂണുകള്‍, പ്ലാസ്റ്റിക് കൊടികള്‍, മിഠായി/ഐസ്‌ക്രീം തണ്ടുകള്‍, അലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന തെര്‍മോകോളുകള്‍ തുടങ്ങിയവയാണ് 2022 ജനുവരി ഒന്നു മുതല്‍ നിരോധിക്കുന്നവ. 2022 ജൂലായ് ഒന്നു മുതല്‍ പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കപ്പുകള്‍, കട്‌ലറി സാധനങ്ങള്‍ പൊതിയാനും പാക്കിംഗിനും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫിലിമുകള്‍, ക്ഷണക്കത്തുകള്‍, സിഗരറ്റ് പാക്കറ്റുകള്‍, കനം 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്, പിവിസി ബാനറുകള്‍ എന്നിവ നിരോധിക്കും. 120 മൈക്രോണില്‍ കുറഞ്ഞ കനമുള്ള പോളിത്തീന്‍ ബാഗുകളുടെ ഉപയോഗം ഈ വര്‍ഷം സെപ്റ്റംബര്‍ 30 മുതല്‍ നിരോധിക്കും.