തോല്‍വി ഉറപ്പാക്കിയ സീറ്റുകളിലേക്ക്‌ മത്സരിക്കാനില്ലെന്ന്‌ പറഞ്ഞ്‌ കൂടുതല്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്ത്‌. സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ കൊല്ലം ഡിസിസിയിലും പൊട്ടിത്തെറി. ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയെ കൊല്ലം സീറ്റില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഡിസിസി ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവച്ചു.

ഇതിനിടെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞ് രംഗം കൂടുതല്‍ നാടകീയമാക്കി. കൊല്ലം ഡിസിസി ഓഫീസിലാണ് ഇന്ന് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വിശ്വസ്‌തന്‍ പി സി വിഷ്‌ണുനാഥിന്‌ സീറ്റ്‌ നല്‍കാന്‍ ഉമ്മന്‍ചാണ്ടി സമ്മര്‍ദ്ദം ചെലുത്തിയതാണ്‌ കൊല്ലം സീറ്റിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. ഇതേ തുടര്‍ന്ന് കുണ്ടറ സീറ്റില്‍ മത്സരിക്കാന്‍ ചെന്നിത്തല ബിന്ദു കൃഷ്ണയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന. തോല്‍വി ഉറപ്പിച്ച കുണ്ടറയില്‍ മത്സരിക്കാന്‍ ഇല്ലെന്നാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ നിലപാട്‌.

നേരത്തെ നിലമ്ബൂരില്‍ മത്സരിക്കാന്‍ ഇല്ലെന്ന്‌ ടി സിദ്ധിഖും പറഞ്ഞിരുന്നു. പാലക്കാടും സീറ്റ്‌ വീതംവയ്‌പ്പിനെച്ചൊല്ലി കോണ്‍ഗ്രസില്‍ രൂക്ഷമായ തര്‍ക്കങ്ങളാണ്‌ നടക്കുന്നത്‌.