വാസ്തുവിദ്യയിലെ സവിശേഷത കൊണ്ട് പ്രശസ്തമാണ് ലണ്ടനിലെ സൗത്ത്റാക്ക് കത്രീഡല്‍. തെയിംസ് നദിയുടെ തീരത്ത് പ്രകൃതി ഒരുക്കിയ ദൃശ്യ മികവിനൊപ്പം തലയുയര്‍ത്തി നില്‍ക്കുന്നതാണ് ഈ കത്രീഡല്‍.
എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മറ്റൊരു കാര്യം കൊണ്ടും കത്രീഡല്‍ ലണ്ടനില്‍ പ്രസിദ്ധമാണ്. കത്രീഡലിലെ അന്തേവാസിയായ ഒരു പൂച്ചയാണ് ഈ പ്രശസ്തിക്ക് കാരണം. കഴിഞ്ഞ 12 വര്‍ഷമായി കത്രീഡലിലെ സ്ഥിരം അന്തേവാസിയാണ് ഡൂര്കിന്സ് എന്ന പേരുള്ള പൂച്ച.
സെപ്റ്റംബര്‍ 30ന് പൂച്ച ചത്തു. ട്വിറ്ററില്‍ ധാരാളം ഫോളേവേഴ്സുള്ള പൂച്ചയുടെ നിര്യാണത്തില്‍ നിരവധി പേരാണ് അനുശോചനം അറിയിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച ഓമനയായ പൂച്ചയുടെ മരണത്തില്‍ അനുശോചിച്ചവര്ക്കായി പ്രത്യേക നന്ദി പ്രകാശിപ്പിക്കല്‍ ചടങ്ങും കത്രീഡലില്‍ നടന്നു. കത്രീഡലിലെ ഡീന്‍ ആയ ആന്‍ഡ്ര്യൂ നണ് ആണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
പൂച്ചയെ കാണാന്‍ വേണ്ടി മാത്രം നിരവധി പേര് പള്ളിയില്‍ എത്തിയിരുന്നു. സ്വന്തം വളര്‍ത്തു മൃഗത്തെ പോലെയാണ് പലരും പൂച്ചയെ സ്നേഹിച്ചിരുന്നതെന്ന് ഡീന്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് പ്രത്യേക ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്. ചടങ്ങിന്റെ ലൈവ് സ്ട്രീമിങ്ങും ഉണ്ടായിരുന്നു.
2018 ലെ ക്രിസ്മസ് കാലത്ത് തെരുവില്‍ അലഞ്ഞു നടന്ന പൂച്ച ഭക്ഷണത്തിനായാണ് കത്രീഡലില്‍ ആദ്യമായി എത്തുന്നത്. പിന്നീട് കത്രീഡലിലെ സ്ഥിരം സാന്നിധ്യമാകുകയായിരുന്നു. കത്രീഡലിലെ എല്ലാ ചടങ്ങുകളിലും ക്ഷണിക്കാതെ തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ഡൂര്കിന് പിന്നീട് കത്രീഡലിലെ പ്രധാന അംഗമായി മാറി.
വാര്‍ധക്യ സഹമായ അസുഖങ്ങളെ തുടര്‍ന്നാണ് ഡൂര്കിന്റെ അന്ത്യം. കഴിഞ്ഞ വര്‍ഷം പൂച്ചയുടെ കാഴ്ച്ച ശക്തിയും കേള്‍വി ശക്തിയും നഷ്ടമായിരുന്നു. ഇതോടെ പ്രത്യേക പരിചരണത്തിനായി കത്രീഡലിലെ മുറിയിലായി ഡൂര്കിന്റെ താമസം. മരണം വരെ അവിടെയായിരുന്നു ഡൂര്കിന്.
നന്ദി പ്രകാശനത്തില്‍ അഭിനന്ദിച്ച് നിരവധി പേര് കമന്റുകളുമായി എത്തിയിട്ടുണ്ട്.