തിരുവനന്തപുരം: കാപ്പുകാട് ആനസങ്കേതത്തിലെ ആനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ഗുരുതര പരിക്ക്. വാച്ചര്‍ ഹബീബിനാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ആന തുമ്ബിക്കയ്യില്‍ തൂക്കി നിലത്തടിച്ചതിനെത്തുടര്‍ന്ന് ഹബീബിന്റെ കയ്യും കാലും ഒടിഞ്ഞു. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഉള്ളത്.

രാവിലെ പത്തരയോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. ഭക്ഷണത്തിനുശേഷം ആനയെ നടത്തിക്കാന്‍ കൊണ്ടുപോകുന്നതിനിടെ വഴിയരികില്‍ നില്‍ക്കുകയായിരുന്ന വാച്ചറെ ആക്രമിക്കുകയായിരുന്നു ഉണ്ടായത്. കുറച്ചുകാലം മുന്‍പാണ് ആനയെ കാപ്പുകാട് എത്തിച്ചത്.

അക്രമ സ്വഭാവമുള്ള ആനയെ മാറ്റി പാര്‍പ്പിക്കുന്നതിനു പകരം വിനോദ സഞ്ചാരികള്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ നിര്‍ത്തുന്നതിനെതിരെ നാട്ടുകാരും ജീവനക്കാരും രംഗത്ത് എത്തുകയുണ്ടായി. തിരുവനന്തപുരം കോട്ടൂര്‍ കാപ്പുകാട് ആനസങ്കേതത്തില്‍ 16 ആനകളാണ് ഉള്ളത്. വനംവകുപ്പിന്‍റെ നിരീക്ഷണത്തിലാണ് ആനകള്‍.