ഇന്നു മുതല്‍ തുടര്‍ച്ചയായ നാലു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ടാം ശനി, ഞായര്‍ അവധികളും തുടര്‍ന്ന് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ജീവനക്കാരുടെ പണിമുടക്കുമാണ്. ഇതേത്തുടര്‍ന്ന് തുടര്‍ച്ചയായ നാലുദിവസം ബാങ്കിങ് ഇടപാടുകള്‍ തടസ്സപ്പെടും.

പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയാണ് 15, 16 തീയതികളില്‍ ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ജീവനക്കാരുടെ സംഘടനകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. നാലുദിവസം തുടര്‍ച്ചയായി മുടങ്ങുന്നതിനാല്‍ എടിഎമ്മുകളില്‍ പണം തീര്‍ന്നുപോകുന്ന സാഹചര്യം ഉണ്ടാകുമോ എന്ന് ആശങ്കയുണ്ട്.

എന്നാല്‍ അങ്ങനെ ഉണ്ടായേക്കില്ലെന്നാണ് ബാങ്ക് അധികൃതര്‍ സൂചിപ്പിക്കുന്നത്. ബാങ്ക് ശാഖകളില്‍ നിന്നും അകലെയുള്ള ഓഫ്‌സെറ്റ് എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നത് ഏജന്‍സികളാണ്. അവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. മാത്രമല്ല, ബാങ്ക് ശാഖകളോട് ചേര്‍ന്നുള്ള ഓണ്‍സെറ്റ് എടിഎമ്മുകളില്‍ ഭൂരിഭാഗത്തിലും പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സാധിക്കുന്നതാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.