നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലെകൂടി സ്ഥാനാര്‍ഥികളെ സിപിഐ സംസ്ഥാന നേതൃത്വം ഇന്ന് പ്രഖ്യാപിക്കും. 25 സീറ്റുകളിലാണ് ഇടതു മുന്നണിക്കുവേണ്ടി സിപിഐ മത്സരിക്കുന്നത്. ഇതില്‍ 21 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അവശേഷിക്കുന്ന സീറ്റുകളിലേക്കാണ് ഇന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കുന്നത്.
ചടയമംഗലത്ത് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ചിഞ്ചുറാണിക്ക് തന്നെ സീറ്റ് നല്‍കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ചിഞ്ചുറാണിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രാദേശിക തലത്തില്‍ പ്രതിഷേധങ്ങളുണ്ടായിരുന്നു. എന്നാല്‍ അത്തരം പ്രതിഷേധങ്ങളെ മറികടന്ന് ചിഞ്ചുറാണിക്ക് തന്നെ ചടയമംഗലത്ത് നിന്ന് മത്സരിച്ചേക്കും.
കൊല്ലം ജില്ലയിലെ സ്ഥാനാര്‍ഥികളില്‍ ഒരു വനിത വേണമെന്നാണ് സംസ്ഥാനനേതൃത്വത്തിന് വാശി. എന്നാല്‍ ചടയമംഗലം, കടയ്ക്കല്‍ മണ്ഡലം കമ്മിറ്റികളില്‍ ഈ തീരുമാനം വലിയ എതിര്‍പ്പിന് വഴിവച്ചിരുന്നു. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറവായിരുന്നതും വിമര്‍ശനത്തിന് കാരണമായതോടെ ചടയമംഗലത്ത് മറ്റൊരാളെ തേടേണ്ട എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് നടന്നത്. സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രാദേശിക നേതാവ് എ.മുസ്തഫയെ മത്സരിപ്പിക്കണമെന്നാണ് പ്രാദേശിക ഘടകങ്ങളുടെ ആവശ്യം. എന്നാല്‍ വനിതാ പ്രാതിനിധ്യം എന്ന നിലപാട് ഉയര്‍ത്തി നേതാക്കള്‍ പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം തള്ളുകയായിരുന്നു.
13 സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കാനാണ് സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്. അതേസമയം, ചങ്ങനാശേരി സീറ്റ് നേടിയെടുക്കാന്‍ കഴിയാത്തതില്‍ സിപിഐ നിര്‍വാഹക സമിതി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമര്‍ശനമുയര്‍ന്നു. കാനം സിപിഎമ്മിന് അടിമപ്പെട്ടുവെന്നാണ് ആരോപണം.
നെടുമങ്ങാട്- ജി.ആര്.അനില്‍, പുനലൂര്‍- പി.എസ്.സുപാല്‍, ചാത്തന്നൂര്‍- ജി.എസ്.ജയലാല്‍, വൈക്കം- സി.കെ.ആശ, പട്ടാമ്ബി- മുഹമ്മദ് മുഹ്സിന്, അടൂര്‍-ചിറ്റയം ഗോപകുമാര്‍, നാദാപുരം-ഇ.കെ.വിജയന്, കരുനാഗപ്പള്ളി- ആര്.രാമചന്ദ്രന്, ചിറയിന്‍കീഴ്- വി.ശശി, ഒല്ലൂര്‍-കെ.രാജന്, കൊടുങ്ങല്ലൂര്‍- വി.ആര്.സുനില്‍കുമാര്‍, ചേര്‍ത്തല-പി.പ്രസാദ്, മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം, കയ്പമംഗലം- ടി.ടി.ടൈസണ്‍, മഞ്ചേരി- ഡിബോണ നാസര്‍, മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം, പീരുമേട്- വാഴൂര്‍ സോമന്, തൃശൂര്‍-പി.ബാലചന്ദ്രന്, മണ്ണാര്‍ക്കാട്- സുരേഷ് രാജ്, തിരൂരങ്ങാടി- അജിത് കോളാടി, ഏറനാട്-കെ.ടി.അബ്ദുള്‍ റഹ്മാന്, കാഞ്ഞങ്ങാട്-ഇ.ചന്ദ്രശേഖരന് എന്നിവരാണ് മറ്റ് സിപിഐ സ്ഥാനാര്‍ഥികള്‍.