ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും അധികം പുതുമുഖ സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്തിട്ടുള്ള നടനാണ് മമ്മൂട്ടി. എന്തുകൊണ്ട് ഇത്രയധികം പുതുമുഖങ്ങള്‍ക്കൊപ്പം സിനിമ ചെയുന്നു എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കുന്നു. ഒരിക്കല്‍ താനും ഒരു പുതുമുഖം ആയിരുന്നുവെന്നും അന്ന് തനിക്ക് ലഭിച്ച അവസരമാണ് ഇന്ന് പലര്‍ക്കും നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദി പ്രീസ്റ്റിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുമുഖ സംവിധായകരെ തെരഞ്ഞെടുക്കുന്നത്തിന് ഒരു കാരണം ഞാനും ഒരു പുതുമുഖമായിരുന്നു എന്നത് കൊണ്ടാണ്. രണ്ടാമത്തെ കാരണം ഞാനിപ്പോഴും ഒരു പുതുമുഖം ആണ് എന്നതാണ്. മൂന്നാമത് ഒരു കാരണമില്ല.

‘ഓരോ പുതുമുഖ സംവിധായകന്റെയും മനസ്സില്‍ ഓരോ പുതിയ സിനിമയായിരിക്കും. ആ സിനിമ എനിക്ക് എന്തെങ്കിലും ഒരു പുതുമ കൊണ്ടുവരുമെന്ന പ്രതീക്ഷയാണ്. എപ്പോഴും അത് വിജയമാകണമെന്നില്ല. നമുക്ക് എല്ലാം തെരഞ്ഞെടുക്കാനല്ലേ പറ്റൂ, പൂര്‍ത്തിയാക്കാന്‍ പറ്റില്ലല്ലോ’.

വളരെ സന്തോഷത്തോടെയും ആവേശത്തോടെയും ഞാന്‍ ചെയ്യുന്ന കാര്യമാണ്. ഇനിയും വരാനുണ്ട് കുറേപേര്‍. അത് നിങ്ങള്‍ക്ക് ആവേശം പകരുന്നെങ്കില്‍ സന്തോഷം.

സിനിമയെ തേടി ഒരുപാട് കാലം അലഞ്ഞ ആളാണ് ഞാനും. അതുപോലെ തന്നെയാണ് പലരും. അന്ന് എനിക്ക് ഒരാള്‍ ഒരു അവസരം തന്നു, അതുപോലെ അവരും വരട്ടെ. ഇത് ഒരു ഗിവ് ആന്‍ഡ് ടേക്ക് ആണ്. എനിക്ക് കിട്ടിയത് ഞാന്‍ തിരിച്ചു കൊടുക്കുന്നു’, മമ്മൂട്ടി പറഞ്ഞു.