നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് ബിജെപി വിരുദ്ധ പ്രചാരണവുമായി ഇന്ന് കര്‍ഷകരെത്തുന്നു. കര്‍ഷകവിരുദ്ധ നിയമങ്ങള്‍ സ്വീകരിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് നേരിട്ട് അഭ്യര്‍ത്ഥിക്കാനാണ് കര്‍ഷകരുടെ തീരുമാനം. ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ബംഗാളിലെ നന്ദിഗ്രാമില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് റാലി നടത്തും.

നാളെ കൊല്‍ക്കത്തയിലും മറ്റന്നാള്‍ സിംഗൂരിലും അസന്‍സോളിലും കര്‍ഷക സംഘടനകള്‍ വിവിധ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരായ പ്രചാരണമാണ് കര്‍ഷക സംഘടനകളുടെ ലക്ഷ്യം.

തുടര്‍ന്ന് കേരളം, പുതുച്ചേരി, അസം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെത്തി പ്രചാരണ പരിപാടികള്‍ നടത്തും. ബിജെപിയെ തോല്‍പ്പിക്കണമെന്നു മാത്രമേ ജനങ്ങളോട് അഭ്യര്‍ഥിക്കുകയുള്ളൂവെന്നും ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടിക്കായി വോട്ട് ചോദിക്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തു വന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ വേട്ടയാടുമെന്ന് ഭയന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നില്ലെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം ഇന്ന് 107ാം ദിവസത്തിലേക്ക് കടന്നു.

മാര്‍ച്ച്‌ 26ന് കര്‍ഷകര്‍ ഭാരത് ബന്ദ് ആഹ്വാനം ചെയ്തിരിക്കുകയാണ്. നവംബര്‍ 26 ന് ഡല്‍ഹി അതിര്‍ത്തിയില്‍ ആരംഭിച്ച പ്രതിഷേധം മാര്‍ച്ച്‌ 26ന് നാലുമാസം പൂര്‍ത്തിയാകും. ജനുവരി 26 ന് പ്രതിഷേധം രണ്ടുമാസം പൂര്‍ത്തിയായപ്പോള്‍ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തിയിരുന്നു. കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച്‌ ചെയ്തതോടെ റാലി അക്രമാസക്തമായി.

കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിന്റെ അടിത്തറ വിശാലമാക്കാനുള്ള കര്‍ഷകരുടെ പദ്ധതിയുടെ ഭാഗമാണ് ട്രേഡ് യൂണിയനുകളുമായും മറ്റ് ബഹുജന സംഘടനകളുമായുള്ള സഹകരണം. 15ന് കര്‍ഷകര്‍ “കോര്‍പറേറ്റ് വിരുദ്ധ ദിനം”, “സര്‍ക്കാര്‍ വിരുദ്ധ ദിനം” എന്നിവ ആചരിക്കാനും തീരുമാനിച്ചു.

ഭഗത് സിങ്ങിന്റെ രക്തസാക്ഷി ദിനമായ മാര്‍ച്ച്‌ 23 ന് ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷകരുടെ പ്രതിഷേധത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ പങ്കുചേരും. 28 ന് കര്‍ഷക വിരുദ്ധ നിയമങ്ങള്‍ കത്തിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.