ന്യൂഡൽഹി : മുകേഷ് അംബാനിയ്ക്ക് വധഭീഷണി സന്ദേശം വന്ന സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഭീഷണി സന്ദേശം അയച്ച മുജാഹിദ്ദീൻ തീവ്രവാദിയെ കണ്ടെത്തി. തീവ്രവാദ സംഘടനയുമായി ബന്ധമുള്ള തീഹാർ ജയിലിലെ തടവുകാരനായ തെഹ്‌സിൻ അക്തർ എന്നയാളാണ് ഭീഷണി സന്ദേശത്തിന് പിന്നിൽ. ജെയ്ഷ് ഉൽ ഹിന്ദ് സംഘടനയുടെ പേരിലുള്ള അക്കൗണ്ട് തുടങ്ങിയ ഫോണും സിം കാർഡും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ദേശീയ മാദ്ധ്യമങ്ങളാണ് വിവരങ്ങൾ പുറത്തുവിട്ടത്.

2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ലക്ഷ്യമാക്കി പട്നയിൽ നടത്തിയ സ്ഫോടനക്കേസുകളിൽ അറസ്റ്റിലായ ഭീകരനാണ് തെഹ്സിൻ അക്തർ. ഹൈദരാബാദ്, ബോധ്ഗയ സ്ഫോടനക്കേസുകളിലും ഇയാൾക്ക് പങ്കുണ്ട്. തീഹാർ ജയിലിന് സമീപത്ത് നിർമ്മിച്ച ടെലഗ്രാം അക്കൗണ്ടിൽ നിന്നാണ് അംബാനിയ്ക്ക് ഭീഷണി സന്ദേശം വന്നതെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ടോർ ബ്രൗസർ ഉപയോഗിച്ച് വെർച്വൽ നമ്പർ സൃഷ്ടിച്ചാണ് ടെലഗ്രിൽ പുതിയ അക്കൗണ്ട് തുടങ്ങിയതെന്ന് പോലീസ് പറയുന്നു. ജയിലിൽ വെച്ചാണ് ടെലഗ്രാം അക്കൗണ്ട് നിർമ്മിച്ചത് എന്നുളള വിവരങ്ങളും പുറത്തുവരുന്നുണ്ട്. സംഭവത്തിൽ വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുകായാണ്. പിടിച്ചെടുത്ത മറ്റൊരു സിം സെപ്റ്റംബറിൽ ആക്ടീവ് ആയിരുന്നതായും തെളിഞ്ഞിട്ടുണ്ട്.