തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി സെന്റ്. ഡൊമിനിക്സ് കോളേജ് രണ്ടാം വര്‍ഷ ബികോം ഡിഗ്രി വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജെയിംസിനെ മതമൗലിക തീവ്രവാദികള്‍ വ്യാജ പാസ്പോര്ട്ടില് രാജ്യം കടത്തി? ഇക്കാര്യം ന്യായമായും സംശയിക്കുന്നതായി തലസ്ഥാനത്തെ സി ബി ഐ കോടതിയില്‍ തിരുവനന്തപുരം സിബിഐ യൂണിറ്റ് സമര്‍പ്പിച്ച എഫ് ഐ ആറില്‍ പറയുന്നു. ഇതിന് പിന്നില്‍ ഗൗരവമേറിയ വിഷയമുണ്ടെന്നും അന്തര്‍ സംസ്ഥാന കണ്ണികള്‍ പ്രവര്‍ത്തിച്ചതായും എഫ് ഐആറില്‍ പറയുന്നു.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമുള്ളതിനാല്‍ തെളിവുകളുടെ ചങ്ങലക്കണ്ണികള്‍ മാലപോലെ കോര്‍ത്തിണക്കേണ്ടതിനാലും അതീവ രഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാലും തെളിവുകള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ അഡീഷണല്‍ റിപ്പോര്‍ട്ടായി മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും. എഫ് ഐ ആറിലെ വിവരങ്ങള്‍ ചോരാന്‍ സാധ്യതയുള്ളതിനാല്‍ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. വെളിപ്പെടുത്തിയാല്‍ സുഗമമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. സംശയിക്കപ്പെടുന്ന വ്യക്തികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ കസ്റ്റഡിയിലാകുമെന്നുമുള്ള സൂചനയും എഫ് ഐ ആറിലുണ്ട്.
2018 മാര്‍ച്ച് 20 നാണ് ജെസ്ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടു തറയിലെ വീട്ടില്‍ നിന്നും പിതൃ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞു പോയ ജെസ്ന പിന്നെ മടങ്ങിയെത്തിയിട്ടില്ല. 2018 മുതല്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് തുമ്ബുണ്ടാക്കാന്‍ സാധിക്കാത്ത കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് 2021 ഫെബ്രുവരി 19 ന് ഹൈക്കോടതിയില്‍ സിബിഐ ബോധിപ്പിക്കുകയായിരുന്നു.
കേസന്വേഷണത്തില്‍ പൊലീസും ക്രൈംബ്രാഞ്ചും നിഷ്ക്രിയത്വം പാലിക്കുന്നതിനാല്‍ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് ജെസ്നയുടെ സഹോദരന് ജെയിസ് ജോണ്‍ ജെയിംസും മറ്റും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐയോട് നിലപാടറിയിക്കാന്‍ ഉത്തരവിട്ടിരുന്നു. അപ്രകാരം സി ബി ഐ അതീവ രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് സങ്കീര്‍ണ്ണമായ പ്രാഥമിക തെളിവുകള്‍ ശേഖരിച്ച് കേസെടുക്കാന്‍ തയ്യാറാണെന്ന് ഹൈക്കോടതിയില്‍ നിലപാടറിയിച്ചത്.