കോട്ടയം; പി.സി ജോര്‍ജിന് ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന കേരള മുസ്ലീം ജമാഅത്ത് കൗണ്‍സിലിന്റെ പ്രസ്താവനയ്‌ക്കെതിരെ പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി.സി ജോര്‍ജ്. പൂഞ്ഞാര്‍ എന്നത് ഇന്ത്യന്‍ പരമാധികാരത്തിന് കീഴിലുള്ള പ്രദേശമാണെന്നും ഇത്തരം പ്രചാരണങ്ങള്‍ നടത്തി തന്നെ അങ്ങ് ഇല്ലാതാക്കാമെന്ന് വര്‍ഗീയവാദികള്‍ തീരുമാനിച്ചാല്‍ താന്‍ അങ്ങ് മിണ്ടാതിരിക്കുമെന്ന് കരുതരുതെന്നും പി.സി പറഞ്ഞു. നാടിനെ കാര്‍ന്ന് തിന്നുന്ന ഇത്തരം വര്‍ഗീയ വിഷങ്ങള്‍ക്ക് ജനം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പിസി ജോര്‍ജ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പൂഞ്ഞാര്‍ എന്നത് ഇന്ത്യന്‍ പരമാധികാരത്തിന്ന് കീഴിലുള്ള പ്രദേശമാണ്.ഇത്തരം പ്രചാരണങ്ങള്‍ നടത്തി എന്നെ അങ്ങ് ഇല്ലാതാക്കാമെന്ന് കുറേ വര്‍ഗീയവാദികള്‍ തീരുമാനിച്ചാല്‍ ഞാന്‍ അങ്ങ് മിണ്ടാതിരിക്കുമെന്ന് കരുതിയാല്‍ തെറ്റി. എന്റെ ജന്മനാടായ ഈരാറ്റുപേട്ടക്ക് അപമാനമാണെന്ന് കരുതിയാണ് ഇതുവരെ മൗനം പാലിച്ചത്. ഞാന്‍ മൗനം പാലിക്കുന്നത് അവസരമായി കണ്ടാല്‍ പറയാതെ വയ്യ.

കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാന പ്രകാരം യു.ഡി.എഫിന് പിന്തുണ അറിയിച്ച്‌ കത്ത് നല്‍കിയിരുന്നു. അഴിമതിക്കാരായ ചിലനേതാക്കളുടെ സമ്മര്‍ദ്ദത്തില്‍ മറുപടിപോലും നല്‍കിയില്ല.

തുടര്‍ന്ന് ശബരിമലയില്‍ ആചാര സംരക്ഷണപോരാട്ടത്തില്‍ എന്നോടൊപ്പം അയ്യപ്പ വിശ്വാസികള്‍ക്കായി നിലകൊണ്ട കെ. സുരേന്ദ്രന്‍ എന്റെ വീട്ടിലെത്തി വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍ സുരേന്ദ്രന് ഞാന്‍ പിന്തുണ അറിയിക്കുകയും ചെയ്തു. അതിന്റെ പേരില്‍ എന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ ഈരാറ്റുപേട്ടയില്‍ എന്നെ എന്നും എതിര്‍ത്ത് പോന്നിരുന്ന 20 ശതമാനത്തില്‍ താഴെ മാത്രം വരുന്ന പ്രതിലോമശക്തികളുടെ നേതൃത്വത്തില്‍ എനിക്കെതിരെ ഈരാറ്റുപേട്ടയിലെ മഹല്ലുകള്‍ ‘ഫത്വ’ പുറപ്പെടുവിച്ചു.

എന്നാല്‍ ഇത്തരം ഹീനവും, പ്രാകൃതവുമായ നടപടിക്കെതിരെ ഈരാറ്റുപേട്ടയിലെതന്നെ സാമൂഹ്യ ബോധവും മത സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കണമെന്നാഗ്രഹമുള്ള ഖത്തീബുമാര്‍ അവരുടെ പള്ളികളില്‍ എനിക്കെതിരെയുള്ള ഈ നീച നീക്കത്തിന് തടയിട്ടു. എന്നാല്‍ ഭൂരിഭാഗം വരുന്ന പള്ളികളിലും വര്‍ഗീയവാദികള്‍ അവരുടെ അജണ്ട നടപ്പാക്കി.

ഞാന്‍ രാമക്ഷേത്രം പണിയുന്നതിലേക്ക് സംഭാവന നല്‍്കിയപ്പോഴും ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടാക്കുവാന്‍ ഈ വര്‍ഗീയവാദികള്‍ക്ക് കഴിയുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നതാണ്.