ന്യൂഡല്‍ഹി: മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപനം ഉണ്ടായില്ല. ഞായറാഴ്ച മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഡല്‍ഹിയില്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 91 സീറ്റിലാണ് മത്സരിക്കുക.
ഇതില്‍ 81 സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് തീരുമാനമായി. ബാക്കി 10 സീറ്റുകളില്‍ ആരൊക്കെയെന്ന് തീരുമാനിച്ച ശേഷം ഒറ്റഘട്ടമായി പ്രഖ്യാപനം നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. 10 സീറ്റുകളില്‍ വിശദമായ ചര്‍ച്ച വേണം. പ്രതിസന്ധിയൊന്നുമില്ല. വൈകാനുള്ള കാരണം പട്ടിക വരുമ്ബോള്‍ മനസിലാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂട്ടിച്ചേര്‍ത്തു.
എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന തീരുമാനവും സ്ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ ഉണ്ടായി. ഇതോടെ ഉദ്വേഗത്തോടെ കാത്തിരിക്കുന്ന നേമം മണ്ഡലത്തില്‍ കെ. മുരളീധരന് എംപി മത്സരിക്കില്ലെന്ന കാര്യത്തിലും വ്യക്തതയായി. ഒരാള്‍ രണ്ട് മണ്ഡലങ്ങളിലും മത്സരിക്കില്ല. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിച്ചാല്‍ പുതുപ്പള്ളിയില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടേത്തേണ്ടതുണ്ട്. ഇതടക്കം കാര്യത്തില്‍ വ്യക്തത വരാത്തതുകൊണ്ടാണ് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്ന സ്ഥാനാര്‍ഥിപ്പട്ടിക നീണ്ടുപോയത്.
നേമം സംബന്ധിച്ച ആശയക്കുഴപ്പമാണ് ചര്‍ച്ച നീണ്ടുപോകുന്നതെന്നാണ് വിവരം. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും ഇന്ന് ശക്തികൂടി. പുതുപ്പള്ളിയില്‍ മാത്രമേ മത്സരിക്കുവെന്ന് ആവര്‍ത്തിച്ചിരുന്ന ഉമ്മന്‍ ചാണ്ടി ഇന്ന് വൈകുന്നേരം നേമത്തെ തള്ളിപ്പറഞ്ഞില്ലെന്നതും ശ്രദ്ധേയമായി. നേമത്ത് ശക്തനായ സ്ഥാനാര്‍ഥി തന്നെയാകും ഉണ്ടാകുകയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കുകയും ചെയ്തു.
ഘടകകക്ഷികളുടെ സീറ്റുകളുടെ കാര്യത്തിലും പ്രഖ്യാപനമുണ്ടായി. യുഡിഎഫിലെ പ്രധാനഘടകകക്ഷിയായ മുസ്ലിം ലീഗ് 27 സീറ്റില്‍ മത്സരിക്കും. കേരള കോണ്‍ഗ്രസ് ജോസഫ്-10, ആര്‍എസ്പി-അഞ്ച്, എന്‍സികെ-രണ്ട്, സിഎംപി-ഒന്ന്, കേരള കോണ്‍ഗ്രസ് ജേക്കബ്-ഒന്ന്, എന്നിങ്ങനെയാണ് മറ്റ് ഘടകകക്ഷികളുടെ സീറ്റ് നില.