അമിത വണ്ണമുള്ളവരില്‍ കോവിഡ് ബാധ കൂടുതല്‍ രൂക്ഷമെന്ന് ​ഗവേഷകര്‍. ഈ വിഭാ​ഗക്കാരില്‍ കോവിഡ് മൂലമുള്ള മരണനിരക്ക് പത്ത് മടങ്ങ് അധികമാണെന്ന് ​ഗവേഷകര്‍ പറയുന്നു. ജനസംഖ്യയുടെ ഭൂരിഭാഗവും അമിതഭാരക്കാര്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ കൊറോണ വൈറസ് മരണനിരക്ക് കൂടുതലാണെന്ന് വേള്‍ഡ് ഒബേസിറ്റി ഫെഡറേഷന്‍ കണ്ടെത്തി.
2020 അവസാനത്തോടെയുള്ള കണക്കുകള്‍ പരിശോധിക്കുമ്ബോള്‍, കൊറോണ വൈറസ് മൂലമുള്ള ആഗോള മരണനിരക്ക്, അമിതഭാരക്കാര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ പത്ത് മടങ്ങ് അധികമാണ്. അമിതഭാരം ആരോഗ്യ പ്രശ്‌നങ്ങളെയും വൈറല്‍ അണുബാധയെയും വഷളാക്കുമെന്ന് ​ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
ഫെബ്രുവരി അവസാനത്തോടെ 25 ദശലക്ഷം കൊറോണ വൈറസ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇതില്‍ 2.2 ദശലക്ഷം മരണങ്ങളും ജനസംഘ്യയുടെ പകുതിയും അമിതഭാരക്കാരായ രാജ്യങ്ങളിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 160 രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത ശേഷമാണ് അമിതവണ്ണമുള്ളവരിലാണ് മരണനിരക്ക് വര്‍ദ്ധിച്ചതെന്ന് ഗവേഷകര്‍ പറയുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി (ജെഎച്ച്‌ യു), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) തുടങ്ങിയവയുടെ കോവിഡ് മരണനിരക്ക് ഡാറ്റ സംഘം പരിശോധിച്ചിരുന്നു.
ജനസംഖ്യയുടെ 40 ശതമാനത്തില്‍ താഴെ മാത്രം അമിതഭാരക്കാരുള്ള രാജ്യങ്ങളില്‍ കൊറോണ വൈറസ് മൂലമുള്ള മരണനിരക്ക് കുറവാണ്. വിയറ്റ്നാം, ജപ്പാന്‍, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ അതില്‍ ഉ‌ള്‍പ്പെടുന്നു.
ഒരു ലക്ഷം ആളുകളില്‍ 0.04 മരണങ്ങള്‍ മാത്രമുള്ള വിയറ്റ്നാമിലാണ് ഏറ്റവും കുറഞ്ഞ കോവിഡ് -19 മരണ നിരക്ക്. ലക്ഷത്തില്‍ 152.49 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന യുഎസിലാണ് കോവിഡ് -19 മരണ നിരക്ക് ഏറ്റവും കൂടുതല്‍.