തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ പേഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യയ്ക്ക് സീറ്റ് നല്കാന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഹുല്‍ ഗാന്ധിയുടെ പ്രസംഗ പരിഭാഷക ജ്യോതി വിജയകുമാറിനെ മത്സരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയും മത്സരം.
ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇരു നേതാക്കളും ബലാബലം നില്‍ക്കുകയാണ്. വട്ടിയൂര്‍ക്കാവില്‍ സിപിഎം സ്ഥാനാര്‍ത്ഥി വി.കെ.പ്രശാന്തിനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഇരു നേതാക്കളും രണ്ടു സ്ഥാനാര്‍ത്ഥികളുടെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
എന്നാല്‍ ആ പേരുപറഞ്ഞ് ബിജെപിയെ സഹായിക്കാനാണ് വീണാ നായര്‍ക്കു വേണ്ടി രമേശ് ചെന്നിത്തല വാദവുമായി രംഗത്തെത്തിയതെന്നും ആരോപണമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.മുരളീധരനായിരുന്നു ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. എന്നാല്‍ അദ്ദേഹത്തെ ലോക്സഭയിലേയ്ക്ക് അയച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.
ഇതോടെ മണ്ഡലം എല്‍ഡിഎഫ് പിടിച്ചെടുത്തു. വി.കെ.പ്രശാന്ത് വന്‍ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. ഇത്തവണ ബിജെപിയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ വട്ടിയൂര്‍ക്കാവിലും നേമത്തും വോട്ട് മറിക്കല്‍ ഉറപ്പാണെന്ന് പാര്‍ട്ടിയിലുള്ളവര്‍ തന്നെ പറയുന്നു.
നേരത്തെ കെ.മുരളീധരന് മത്സരിച്ചപ്പോഴും പാര്‍ട്ടിയിലെ ചിലര്‍ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ശ്രമമുണ്ടായി. എന്നാല്‍ അദ്ദേഹത്തിന്റെ കഴിവുകൊണ്ടു മാത്രമാണ് അവിടെ വിജയിച്ചു വന്നതെന്നും നേതാക്കള്‍ പറയുന്നു.
ഇത്തവണ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷാണ് ബിജെപിക്കു വേണ്ടി വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്നത്. തിരുവനന്തപുരം നഗരസഭയുടെ പൂജപ്പുര വാര്‍ഡില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വിജയിച്ചത്.
നിയമസഭയില്‍ ബിജെപിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ചെന്നിത്തല പേഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യയെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ മറ്റൊരു പേഴ്സണല്‍ സ്റ്റാഫിന്റെ സഹോദരനെ മത്സരിപ്പിച്ചിരുന്നു.
അദ്ദേഹം മത്സരിച്ച വാര്‍ഡില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഇക്കാര്യങ്ങളൊക്കെ നിലനില്‍ക്കെ വീണ്ടും മറ്റൊരു പരീക്ഷണത്തിന് പ്രതിപക്ഷ നേതാവ് രംഗത്തു വന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷമുണ്ട്.
അതേസമയം ജ്യോതി വിജയകുമാറിനു തന്നെ വട്ടിയൂര്‍ക്കാവില്‍ സീറ്റ് നല്‍കണമെന്ന് ഉമ്മന്‍ചാണ്ടിയും ശക്തമായി വാദിക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ ഇവിടേക്ക് നിര്‍ദ്ദേശിച്ചെങ്കിലും അവരാരുംതന്നെ അതിനു തയാറായില്ല.
രമേശ് ചെന്നിത്തല, കെ.മുരളീധരന്, ഉമ്മന്‍ചാണ്ടി തുടങ്ങിയവരോടാണ് വട്ടിയൂര്‍ക്കാവിലോ, നേമത്തോ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചത്. കെ.മുരളീധരന് നേമത്ത് മത്സരിക്കാന്‍ ആദ്യം സന്നദ്ധത അറിയിച്ചെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
കഴിഞ്ഞ തവണ കോണ്‍ഗ്രസ് വോട്ടുകള്‍ കൂടുതല്‍ ചോര്‍ന്നതും ബിജെപി അക്കൗണ്ട് തുറന്നതും നേമത്തായിരുന്നു. ലോക് താന്ത്രിക് ജനതാദളിനായിരുന്നു സീറ്റ്.
എന്നാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് മറിക്കുകയും ഒ.രാജഗോപാല്‍ വിജയിക്കുകയും ചെയ്തു. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട മണ്ഡലം കൂടിയാണ് നേമം.
ഇത്തവണയും ബിജെപി കരുത്തനായ നേതാവിനെയാണ് കളത്തിലിറക്കുന്നത്. ഒരുപക്ഷേ കഴിഞ്ഞതവണത്തെ നീക്കുപോക്കുകള്‍ ഇവിടെയും നടക്കുമോ എന്ന ഭയമാണ് നേതാക്കള്‍ക്ക്.
വട്ടിയൂര്‍ക്കാവില്‍ വടംവലി: വീണാ നായര്‍ക്കായി ചെന്നിത്തല; ജ്യോതി വിജയകുമാറിന് വേണ്ടി ഉമ്മന്‍ചാണ്ടി
