ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. 173 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്തിറക്കിയത്.മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍ കൊളത്തൂരില്‍ നിന്ന് തന്നെ മത്സരിക്കും. ആദ്യമായിതിരഞ്ഞെടുപ്പ് ഗോദായില്‍ ഇറങ്ങുന്ന മകന്‍ ഉദയനിധി ചെപ്പോക്ക് മണ്ഡലത്തില്‍നിന്നാണ് മത്സരിക്കുക.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ എടപ്പാടിയില്‍ സമ്ബത്ത് കുമാറിനെയാണ് ഡിഎംകെ കളത്തിലിറക്കുന്നത്.എ.ഐ.ഡി.എം.കെ വിട്ട് ആദ്യം എ.എം.എം.കെയിലും പിന്നീട് ഡി.എം.കെയിലും ചേക്കേറിയ തങ്ക തമിള്‍സെല്‍വത്തിനും ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വത്തിനെതിരെ ബോഡിനായ്ക്കനൂരിലാകും മത്സരിക്കുക. ദുരൈ മുരുഗന്‍, കെ.എന്‍ നെഹ്‌റു, കെ.പൊന്മുടി, എം.ആര്‍.കെ പന്നീര്‍ശെല്‍വം തുടങ്ങി നിലവിലെ എംഎ‍ല്‍എമാരില്‍ ഒട്ടുമിക്കയാളുകളെയും നിലനിര്‍ത്തിയിട്ടുണ്ട്. സുരേഷ് രാജന്‍, കണ്ണപ്പന്‍, അവുദൈയ്യപ്പന്‍ തുടങ്ങിയ പ്രധാന നേതാക്കളെല്ലാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചു.അണ്ണാ ദുരെയുടേയും കരുണാനിധിയുടേയും സമാധിസ്ഥലങ്ങളില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ച ശേഷം സ്റ്റാലിന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഡോക്ടര്‍മാര്‍ക്കും അഭിഭാഷകര്‍ക്കും പട്ടികയില്‍ ഇടമുണ്ട്. യുവാക്കളേയും പരിഗണിച്ചു. 173 സ്ഥാനാര്‍ത്ഥികളില്‍ 13 വനിതകളെ മാത്രമേ പരിഗണിച്ചുള്ളു.
പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ വാര്‍ത്താ സമ്മേളനത്തിലാണ് സ്റ്റാലിന്‍ പട്ടിക പുറത്തുവിട്ടത്. മാര്‍ച്ച്‌ 15ന് നാമനിര്‍ദ്ദേശ പത്രിക നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
2011ല്‍ അധികാരത്തില്‍നിന്ന് പുറത്തായ ഡിഎംകെ ശക്തമായ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. ഡിഎംകെ അധികാരത്തിലേറുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, എംഡിഎംകെ, വിസികെ തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യമായിട്ടാണ് ഡിഎംകെ മത്സരിക്കുന്നത്234 സീറ്റുകളില്‍ 173ലും പാര്‍ട്ടി തന്നെ മത്സരിക്കും. എം.ഡി.എം.കെ ഉള്‍പെടെ കക്ഷികള്‍ ഡി.എം.കെയുടെ ഉദയസൂര്യന്‍ ചിഹ്നത്തില്‍ തന്നെയാകും ജനവിധി തേടുക.
കമല്‍ഹാസന്‍ കോയമ്ബത്തൂര്‍ സൗത്തില്‍
മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ വരുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കോയമ്ബത്തൂര്‍ സൗത്തില്‍ മത്സരിക്കും. ഇത് സംബന്ധിച്ച്‌ പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പുണ്ടായത് വെള്ളിയാഴ്ചയാണ്.കമല്‍ ഹാസന്‍ ഏത് സീറ്റില്‍ നിന്ന് മത്സരിക്കുമെന്നത് സംബന്ധിച്ച്‌ അനിശ്ചിതത്വം നില നിന്നിരുന്നു. ചെന്നൈയില്‍ നിന്നുള്ള ഏതെങ്കിലും സീറ്റില്‍ നിന്ന് മത്സരിക്കുമെന്നായിരുന്നു നേരത്തെ നിലനിന്നിരുന്ന അഭ്യൂഹം.
നിയമസഭ തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളില്‍ മക്കള്‍ നീതി മയ്യം 154 സീറ്റുകളില്‍ മത്സരിക്കുമെന്ന് കമല്‍ ഹാസന്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന സീറ്റുകളില്‍ സഖ്യകക്ഷികള്‍ മത്സരിക്കും. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കമല്‍ ഹാസന്‍ ആണെന്ന് ആള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി നേതാവ് ശരത് കുമാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സഖ്യത്തിന്റെഭാഗമായി 40 സീറ്റുകളില്‍ ശരത് കുമാറിന്റെ പാര്‍ട്ടി മത്സരിക്കുന്നുണ്ട്.
ഏപ്രില്‍ ആറിനാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ്. ഫല പ്രഖ്യാപനം മെയ്‌ രണ്ടിന്. ബിജെപി- എ.ഐ.ഡി.എം.കെ സഖ്യമാണ് മുഖ്യ എതിരാളികള്‍. മുന്‍ മുഖ്യമന്ത്രിമാരായ ജയലളിതയും കരുണാനിധിയും വിടവാങ്ങിയ ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. മാര്‍ച്ച്‌ 15ന് തുടങ്ങുന്ന നാമനിര്‍ദ്ദേശ പത്രിക സമര്‍പണം 19ന് അവസാനിക്കും.