നെടുങ്കണ്ടം: ഇടുക്കി മുൻ ഡി.സി.സി പ്രസിഡൻ്റ് റോയ് കെ.പൗലോസിന് സീറ്റു നിഷേധിച്ചതിലും, ഉടുമ്പൻചോലയിൽ അപരിചിതനായ എസ്.അശോകനെ സ്ഥാനാർത്ഥിയാക്കുന്നതിലും പ്രതിഷേധിച്ച് നിരവധി കോൺഗ്രസ് പ്രവർത്തകർ പാർട്ടി വിടാനൊരുങ്ങുന്നു. അഞ്ച് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരും പതിനഞ്ച് ഡി.സി.സി സെക്രട്ടറിമാരും നിരവധി യൂത്ത് കോൺഗ്രസ് ഭാരവാഹികളും കെ.എസ്.യു ജില്ലാ പ്രസിഡൻ്റുൾപ്പെടെയുള്ള കെ.എസ്.യു ഭാരവാഹികളും രാജി പ്രഖ്യാപിച്ചു കഴിഞ്ഞു. കെ.പി.സി.സി സെക്രട്ടറിയായ റോയി കെ.പൗലോസ് പാർട്ടി വിടുമെന്ന നിലപാടിലാണ്.അതേ സമയം ഉടുമ്പൻചോലയിൽ സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള എസ്.അശോകനെതിരെ നെടുങ്കണ്ടത്ത് പോസ്റ്ററുകൾ പതിഞ്ഞു കഴിഞ്ഞു. മണ്ഡലത്തിൽ ഒരു കുഞ്ഞിനു പോലുമറിയാത്ത അശോകനെ സ്ഥാനാർത്ഥിയാക്കിയാൽ പ്രചരണത്തിനിറങ്ങില്ലെന്നാണ് ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരും പറയുന്നത്. മന്ത്രി എം.എം മണിക്കെതിരെ കെട്ടി വെച്ച കാശ് തിരിച്ചു പിടിക്കാനുള്ള ശേഷി പോലും അശോകനില്ലെന്നാണ് അവരുടെ വാദം. ജില്ലക്ക് പുറത്ത് താമസമുള്ള അശോകനെ നൂലിൽ കെട്ടിയിറക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ആളിക്കത്തുകയാണ്.പാർട്ടി നേതാക്കൾ തീരുമാനം തിരുത്തിയില്ലെങ്കിൽ പ്രവർത്തകർ ഒപ്പമുണ്ടാകില്ല എന്ന വ്യക്തമായ സന്ദേശം ഡി.സി.സി നേതൃത്വത്തിന് ലഭിച്ചു കഴിഞ്ഞതായാണ് ലഭ്യമാകുന്ന വിവരം.