കോട്ടയം: എല്‍.ഡി.എഫിലെത്തിയ കേരളാ കോണ്‍ഗ്രസ് (എം) നേടിയെടുത്ത പിറവം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായതു ബ്ലോക്ക് പഞ്ചായത്തിലെ സി.പി.എമ്മിന്റെ ജനപ്രതിനിധി ഡോ. സിന്ധുമോള്‍ ജേക്കബ്! സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി രണ്ടു പാര്‍ട്ടികളിലും കോളിളക്കം. പിറവത്തേതു പേമെന്റ് സീറ്റെന്നു ജോസ് കെ. മാണിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍നിന്നു വിമര്‍ശനം. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാരോപിച്ച് സിന്ധുമോളെ പുറത്താക്കിയ സി.പി.എം. ഉഴവൂര്‍ ജില്ലാ കമ്മിറ്റിയെ ജില്ലാ സെക്രട്ടറി വി.എന്‍. വാസവന് തള്ളിപ്പറഞ്ഞു.
സി.പി.എം. സ്വതന്ത്രയായി മത്സരിച്ചു വിജയിച്ച സിന്ധുമോള്‍ നിലവില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നു. സീറ്റ് വിഭജനത്തോടെ കേരളാ കോണ്‍ഗ്രസിനു കിട്ടിയ സീറ്റില്‍ സിന്ധുമോള്‍ പൊടുന്നനെ സ്ഥാനാര്‍ഥിയായത് എങ്ങനെയെന്ന ചോദ്യത്തിന് നേതാക്കള്‍ക്കു വ്യക്തമായ മറുപടിയില്ല.കടുത്തുരുത്തി മണ്ഡലത്തില്‍ താമസിക്കുന്ന സിന്ധുമോളെ പിറവത്തു സ്ഥാനാര്ഥിയാക്കിതോടെയാണു പൊട്ടിത്തെറിയുണ്ടായത്. സിന്ധുമോളുടേതു പേമെന്റ് സീറ്റാണെന്ന് പിറവത്തേക്ക് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടിരുന്ന യൂത്ത്ഫ്രണ്ട്-എം സംസ്ഥാന വൈസ് പ്രസിഡന്റ് ജില്‍സ് പെരിയപുറം ആരോപിച്ചു. പിറവത്ത് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ജോസ് കെ. മാണിയുടെ കോലം കത്തിച്ചു. ചാലക്കുടി, റാന്നി സീറ്റുകളെച്ചൊല്ലിയും പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാണ്. പേമെന്റ് സീറ്റ് ആരോപണം ജോസ് കെ. മാണി നിഷേധിച്ചു.
പിറവത്തേതു പേമെന്റ് സീറ്റാണ്. പണവും സ്വാധീനവും നോക്കിയാണു സീറ്റ് നല്‍കിയത്. എനിക്കു പണമില്ലെന്നും കത്തോലിക്കാ സമുദായാംഗമാണെന്നും പറഞ്ഞാണ് ജോസ് കെ. മാണി സീറ്റ് നിഷേധിച്ചത്. സീറ്റുണ്ടാകുമെന്നു തുടക്കം മുതല്‍ പറഞ്ഞതിനു ശേഷം അവഗണിച്ചു. ഭാവിപരിപാടികള്‍ ആലോചിച്ചു തീരുമാനിക്കും.