തിരുവനന്തപുരം: ഈ മാസം 17 ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു. ഇതു സംബന്ധിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് അംഗീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഏപ്രില്‍ എട്ടു മുതല്‍ പരീക്ഷ നടത്താനാണ് പുതിയ തീരുമാനം. പരീക്ഷകള്‍ മാറ്റുമോ ഇല്ലയോ എന്നു ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതങ്ങള്‍ക്കൊടുവിലാണ് ഇന്നലെ വൈകുന്നേരത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നത്.
പഴയ ഷെഡ്യൂള്‍ പ്രകാരം പരീക്ഷ നടത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇക്കാര്യത്തില്‍ തീരുമാനം വൈകുന്നത് വിദ്യാര്‍ഥികളെ ഏറെ മാനസിക സംഘര്‍ഷത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്നലെ വീണ്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ഇതേത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് കമ്മീഷന് തീരുമാനം അറിയിച്ചത്.