തിരുവനന്തപുരം: പത്തനംതിട്ട വെച്ചൂച്ചിറയില്നിന്നുള്ള ബിരുദവിദ്യാര്‍ഥിനി ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ പ്രഥമവിവര റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. ജെസ്നയുടെ തിരോധാന കേസിന്റെ അന്വേഷണം ക്രിമിനല്‍ നടപടി ചട്ടപ്രകാരം ഏറ്റെടുത്ത വിവരവും സിബിഐ കോടതിയെ അറിയിച്ചു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, ജെസ്നയുടെ സഹോദരന് ജെയ്സ് ജയിംസ് എന്നിവരുടെ ഹര്‍ജിയെ തുടര്‍ന്നാണ് അന്വേഷണം സിബിഐക്കു വിട്ട് ഹൈക്കോടതി ഉത്തരവിട്ടത്.
2018 മാര്‍ച്ച് 22നാണ് കൊല്ലമുള കുന്നത്തുവീട്ടില്‍ ജെസ്ന മരിയ ജയിംസിനെ കാണാതായത്. ആദ്യഘട്ടത്തില്‍ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചെങ്കിലും പുരോഗതി ഉണ്ടാകാത്തതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. അന്വേഷണം സംബന്ധിച്ചു തുറന്നുപറയാന്‍ കഴിയാത്ത പല കാര്യങ്ങളുമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് കേസന്വേഷണം സിബിഐയെ ഏല്പിച്ചത്.
ജെസ്നയെ കാണാതായ ദിവസം തന്നെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. രാവിലെ ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറ ജംഗ്ഷന് വരെ കൊണ്ടുപോയതായി ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് എരുമേലി വരെ സ്വകാര്യ ബസില്‍ പോയതായും മൊഴി ലഭിച്ചു. ജെസ്ന വീട്ടില്‍നിന്ന് പോകുന്പോള്‍ പണമോ ആഭരണങ്ങളോ കൊണ്ടുപോയിരുന്നില്ല. മൊബൈല്‍ ഫോണും വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.
ജെസ്നയ്ക്കായി പോലീസ് ബംഗളൂരു, കുടക്, ചെന്നൈ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി. ജെസ്നയെ കണ്ടെന്ന സന്ദേശങ്ങള്‍ ലഭിച്ചതോടെ അന്വേഷണസംഘം പലതവണ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതിനു പിന്നാലെ കേസന്വേഷണത്തില്‍ ശുഭ പ്രതീക്ഷയുണ്ടെന്ന് പത്തനംതിട്ട എസ്പിയായിരുന്ന കെ.ജി. സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.